പാസഞ്ചറും മെമുവും 25 മുതൽ ഓടി തുടങ്ങും

Saturday 02 July 2022 12:00 AM IST

പാലക്കാട്: കൊവിഡിനെ തുടർന്ന് നിർത്തിവെച്ച എല്ലാ പാസഞ്ചർ, മെമു ട്രെയിനുകളും ജൂലായ് 25 മുതൽ സ്‌പെഷ്യൽ ട്രെയിനായി സർവീസ് പുന:രാരംഭിക്കും. പാസഞ്ചറിലും മെമുവിലും സ്ഥിരമായി യാത്ര ചെയ്തിരുന്ന ജോലിക്കാരുടെയും വിദ്യാർത്ഥികളുടെയും തുടർച്ചയായുള്ള ആവശ്യത്തെ തുടർന്നാണ് ട്രെയിനുകൾ പുന:സ്ഥാപിച്ചത്. എന്നാൽ നേരത്തെയുണ്ടായിരുന്ന പാസഞ്ചർ ടിക്കറ്റ് നിരക്കുകൾക്ക് പകരം ഉയർന്ന എക്‌സ്‌പ്രസ് നിരക്കാണ് ഈടാക്കുക. ഏറ്റവും കുറഞ്ഞ നിരക്ക് 30 രൂപയാണ്. സീസൺ ടിക്കറ്റ് അനുവദിക്കും.
പാസഞ്ചർ പുന:സ്ഥാപിക്കാൻ റെയിൽവേ ബോർഡിന്റെ അനുമതിയില്ലാത്തതിനാലാണ് സ്‌പെഷ്യൽ ട്രെയിനായി ഓടിക്കുന്നത്. അതിനാലാണ് കൂടിയ നിരക്ക് നൽകേണ്ടിവരുന്നത്. മെമുവിൽ പാലക്കാട്ടുനിന്ന് തൃശൂർ വരെ മുമ്പ് യാത്ര ചെയ്യാൻ 20 രൂപ മതിയായിരുന്നു. സ്‌പെഷ്യലായാൽ 45 രൂപ വേണം. നിലമ്പൂരിൽ നിന്ന് അങ്ങാടിപ്പുറത്തേക്കുള്ള യാത്രക്ക് പാസഞ്ചറാണെങ്കിൽ 10 രൂപയായിരുന്നു ചാർജ്. എക്‌‌സ്‌പ്രസിൽ 30 രൂപ നൽകണം. ഇത് നിത്യയാത്രക്കാരെയും വിദ്യാർത്ഥികളെയുമാണ് ഏറെ ദുരിതത്തിലാക്കുന്നത്. എന്നാൽ റിസർവേഷനില്ലാതെ പകൽ സ്ലീപ്പർ ടിക്കറ്റുകൾ നൽകുന്നത് പുന:സ്ഥാപിച്ചിട്ടില്ല. തിരക്ക് കൂടുതലുള്ള റൂട്ടിൽ പ്രത്യേക നിരക്കിലുള്ള ട്രെയിൻ ഓടിക്കാനും തീരുമാനമുണ്ട്. 86 ട്രെയിനിൽ ജൂലായ് ആറുമുതൽ ജനറൽ ടിക്കറ്റ് പുന:സ്ഥാപിക്കും.


പുന:രാരംഭിക്കുന്ന ട്രെയിനുകൾ : ഷൊർണൂർ- തൃശൂർ സ്‌പെഷ്യൽ (06497), തൃശൂർ- കോഴിക്കോട് (06495), കോഴിക്കോട്‌- ഷൊർണൂർ (06454), കോഴിക്കോട്‌- ഷൊർണൂർ (06496), എറണാകുളം- കൊല്ലം സ്‌പെഷ്യൽ, കൊല്ലം- എറണാകുളം (06778), കൊല്ലം- എറണാകുളം മെമു (06442), കൊല്ലം- കന്യാകുമാരി മെമു, കന്യാകുമാരി- കൊല്ലം (06773) മെമു.

Advertisement
Advertisement