അത് ഞാനല്ല, കപിൽദേവാണ്? ക്യാപ്ടനായുള്ള ആദ്യ മത്സരത്തിൽ തന്നെ കമന്റേറ്ററിനെ തിരുത്തി ജസ്‌പ്രീത് ബുമ്ര, വിട്ടുകൊടുക്കാതെ മാർക്ക് ബുച്ചറും

Friday 01 July 2022 7:08 PM IST

ബർമിംഗ്ഹാം: ഇംഗ്ളണ്ടിനെതിരായ ബർമിംഗ്ഹാം ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്ന ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് മുൻ ഇംഗ്ളണ്ട് ഓപ്പണറും നിലവിൽ കമന്റേറ്ററുമായ മാർക്ക് ബുച്ചർ. ലോകക്രിക്കറ്റിൽ ഫാസ്റ്റ് ബൗളർമാർ ക്യാപ്ടനായ സാഹചര്യം വളരെ കുറവാണെങ്കിൽ പോലും ഇന്ത്യയെ ഇതുവരെയായും ഒരു ഫാസ്റ്റ് ബൗളർ നയിച്ചിട്ടില്ലെന്നുമായിരുന്നു ബുച്ചറിന്റെ പരാമർശം.

എന്നാൽ അതിന് മറുപടിയായി ബുമ്ര മുൻ ഇന്ത്യൻ നായകൻ കപിൽദേവിന്റെ പേര് പരാമർശിച്ചു. 1983ൽ ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത കപിൽദേവ് ഒരു ഫാസ്റ്റ് ബൗളറായിരുന്നു. എന്നാൽ കപിൽദേവ് ഒരു ഫാസ്റ്റ് ബൗളർ മാത്രമായിരുന്നില്ല ആൾറൗണ്ടർ കൂടിയായിരുന്നു എന്ന് ബുച്ചർ ബുമ്രയ്ക്ക് മറുപടി നൽകി. മത്സരത്തിന് മുമ്പായി ടോസിന് എത്തിയപ്പോഴായിരുന്നു ഇരുവരും തമ്മിലുള്ള രസകരമായ ഈ സംവാദം.

ഒരുകാലത്ത് ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് മത്സരങ്ങൾ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്ന താനിപ്പോൾ ഇന്ത്യയെ ടെസ്റ്റിൽ നയിക്കുകയാണെന്നും ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തമാണെന്നും ബുമ്ര കൂട്ടിച്ചേർത്തു. സ്ഥിരം നായകൻ രോഹിത് ശ‌മ്മ കോവിഡ് കാരണം വിശ്രമത്തിലായതിനാലാണ് വൈസ് ക്യാപ്ടനായ ജസ്‌പ്രീത് ബുമ്ര ഇംഗ്ളണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ വർഷം ഇടയ്ക്ക് വച്ച് നിന്ന് പോയ ഇന്ത്യ - ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിൽ അവശേഷിച്ച ഒരു മത്സരമാണ് ഇപ്പോൾ ഇരു ടീമുകളും കളിക്കുന്നത്.

ടോസ് നേടിയ ഇംഗ്ളണ്ട് ക്യാപ്ടൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇടയ്ക്ക് വച്ച് മഴ കാരണം മുടങ്ങിയ കളിയിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് എടുത്തിട്ടുണ്ട്. വിരാട് കൊഹ്‌ലി (10) റിഷഭ് പന്ത് (1) എന്നിവരാണ് ക്രീസിൽ. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (17), ചേതേശ്വർ പുജാര (13), വൺ ഡൗൺ ഹനുമാ വിഹാരി (20) എന്നിവരാണ് പുറത്തായ ഇന്ത്യൻ താരങ്ങൾ. ഇംഗ്ളണ്ടിന് വേണ്ടി ജയിംസ് ആൻഡേഴ്സൺ രണ്ട് വിക്കറ്രുകളും മാത്യു പോട്സ് ഒരു വിക്കറ്റും വീഴ്ത്തി.

Advertisement
Advertisement