രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റ്,​ ബഫർസോൺ വിഷയത്തിലെ കത്തിന് മറുപടി നൽകിയെന്ന് മുഖ്യമന്ത്രി

Friday 01 July 2022 7:30 PM IST

തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ട് ഒരി മാസമായിട്ടും മറുപടി ലഭിച്ചില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞത് തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2022 ജൂൺ 8 ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 2022 ജൂൺ 13ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു.

2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. കത്തിന് മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി. .

വയനാട് : ബഫർസോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ഒരുമാസമായിട്ടും മറുപടിയില്ലെന്ന് രാഹുൽ ഗാന്ധി ഇന്ന് വയനാട് നടന്ന യു.ഡി.എഫ് റാലിയിൽ പറഞ്ഞിരുന്നു. ജനാഭിലാഷമനുസരിച്ച് മുഖ്യമന്ത്രി പ്രവർത്തിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ബഫർസോൺ വിഷയത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ യു.ഡി.എഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.