അവൻ വരും, വരാതിരിക്കില്ല; ഇന്ത്യ - ഇംഗ്ളണ്ട് ടെസ്റ്റിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് തലവേദനയായി ജാർവോ, മറന്നോ ഇന്ത്യയ്ക്കു വേണ്ടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ളണ്ടുകാരനെ?

Friday 01 July 2022 8:04 PM IST

ബർമിംഗ്ഹാം: ഇന്ത്യ - ഇംഗ്ളണ്ട് അഞ്ചാം ടെസ്റ്റിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഏറ്റവും കൂടുതൽ തലവദന സൃഷ്ടിക്കുന്നത് ഒരാളാണ്. പ്രാങ്ക്സ്റ്റർ ഡാനിയേൽ ജാർവോ എന്ന ജാ‌വോ 69. കഴിഞ്ഞ വർഷം ഓവലിൽ നടന്ന ഇന്ത്യ - ഇംഗ്ളണ്ട് ടെസ്റ്റിൽ മൂന്ന് തവണയാണ് ജാർവോ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഗ്രൗണ്ടിൽ പ്രവേശിച്ചത്. തന്റെ യൂട്യൂബ് ചാനലിൽ ഹിറ്റ് കൂട്ടുന്നതിന് വേണ്ടിയാണ് ജാർവോ ഇത്തരം വേലത്തരങ്ങൾ ഒപ്പിക്കുന്നതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

കഴിഞ്ഞ തവണ ലണ്ടനിലെ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ജാർവോ എത്തിയത്. ഇത്തവണ ഏകദേശം 200 കിലോമീറ്റർ ദൂരെയുള്ള ബർമിംഗ്ഹാമിൽ വച്ചാണ് മത്സരം നടക്കുന്നത്. എന്നാൽ ജാർവോ ഭീഷണി നിലനിൽക്കുന്നുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ജാർവോയുടെ വീ‌‌ഡിയോകൾ കൂടുതലും ലണ്ടൻ കേന്ദ്രീകരിച്ചാണെങ്കിലും സമീപകാലങ്ങളിൽ മറ്റ് സ്ഥലങ്ങളിലേക്കും ജാർവോ തന്റെ പ്രാങ്കുകൾ വ്യാപിപ്പിച്ചിട്ടുണ്ട്. ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ജാർവോയുടെ വീ‌ഡിയോകളെ പെട്ടെന്ന് ഹിറ്റ് ആക്കി മാറ്റിയത് ഓവലിൽ ഇന്ത്യൻ കളിക്കാരൻ എന്ന വ്യാജേന ഗ്രൗണ്ടിലിറങ്ങിയ വീഡിയോകൾ തന്നെയാണ്. അതിനാൽ തന്നെ എന്ത് വിലകൊടുത്തും ജാർവോ ഇത്തവണയും എത്തുമെന്ന് തന്നെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ തവണ മൂന്ന് പ്രാവശ്യമാണ് ജാർവോ ഗ്രൗണ്ടിലിറങ്ങിയത്. ഒരിക്കൽ ഫീൽഡ് ചെയ്യാനിറങ്ങിയ ഇന്ത്യൻ ടീമിനൊപ്പം അവരിലൊരാളായി എത്തിയ ജാർവോയെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദ്യം മനസിലായില്ല. ഒടുവിൽ അമ്പയറാണ് ആളെ കണ്ടുപിടിക്കുന്നത്. പിന്നീടൊരിക്കൽ ഇന്ത്യൻ താരം പുറത്തായപ്പോൾ പകരം ബാറ്റ് ചെയ്യാനെത്തിയത് ജാ‌ർവോയാണ്. അന്ന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് ജാർവോയെ ക്രീസിൽ നിന്നും വലിച്ചുകൊണ്ട് പോകുന്നത് ഒരുപാട് വൈറൽ ആയ വീഡിയോ ആണ്.

ഏറ്റവും ഒടുവിൽ ബൗൾ ചെയ്യാനാണ് ജാർവോ എത്തിയത്. എന്നാൽ ഇത്തവണ കളി കാര്യമായി. ബൗൾ ചെയ്യാൻ ഓടിയെത്തിയ ജാർവോ ബൗളിംഗ് എൻഡിൽ നിൽക്കുകയായിരുന്ന ഇംഗ്ളണ്ട് ബാറ്റർ ബെയർസ്റ്റോവിന്റെ പുറത്ത് ഇടിച്ചു. കളിക്കാരനെ പരിക്കേൽപ്പിക്കാൻ ശ്രമിച്ചെന്ന കാരണം കാണിച്ച് ജാർവോയെ ഓവലിൽ നിന്ന് ആജീവനാന്തകാലത്തേക്ക് വിലക്കി. സാധാരണ ഗതിയിൽ പിച്ചിൽ പ്രവേശിച്ചതിന് ഒരാളെ ഓവലിൽ നിന്ന് വിലക്കിയാൽ ഇംഗ്ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന് കീഴിലുള്ള എല്ലാ സ്റ്റേഡിയത്തിലും ഈ വിലക്ക് നടപ്പിലാക്കും.

ക്രിക്കറ്റിൽ മാത്രമല്ല ജാർവോ തന്റെ പ്രാങ്കുകളുമായി എത്തിയിട്ടുള്ളത്. കഴി‌ഞ്ഞ തവണ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് വിജയിച്ചപ്പോൾ റയൽ മാഡ്രിഡിന്റെ ജേഴ്സിയണിഞ്ഞ് അവരിലൊരാളായി ജാ‌ർവോ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനെ ജാർവോ കെട്ടിപ്പിടിക്കുന്നതും കോച്ചിംഗ് സ്റ്റാഫിലുൾപ്പെട്ടവരെ ചെന്ന് അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. മറ്റൊരിക്കൽ ഒരു അന്താരാഷ്ട്ര ഫുട്ബാൾ മത്സരത്തിൽ ജപ്പാൻ ടീമിന്റെ ദേശീയ ഗാനം പാടുന്നതിനിടയിൽ ജപ്പാന്റെ ജേഴ്സിയണിഞ്ഞ് കളിക്കാരുടെ ഇടയിൽ ജാ‌ർവോയെ കണ്ടെത്തിയിരുന്നു. ഡബ്ളിയു ഡബ്ളിയു ഇ റെസ്ലിംഗിനിടയ്ക്ക് ഒരിക്കൽ പ്രാങ്കുമായി റിംഗിൽ കയറിയ ജാർവോയെ എതിരാളിയാണെന്ന് തെറ്റിദ്ധരിച്ച് ഗുസ്തിക്കാരൻ പൊതിരെ തല്ലുന്ന വീഡിയോയും വൈറലായിരുന്നു.