എ.കെ.ജി സെന്ററിലെ സ്ഫോടനം : സ്‌കൂട്ടർ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടൻ

Saturday 02 July 2022 1:10 AM IST

തിരുവനന്തപുരം: സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിനു നേരേ വ്യാഴാഴ്ച രാത്രി സ്ഫോടകവസ്തു എറിഞ്ഞയാൾ എത്തിയ ഹോണ്ട ഡിയോ സ്‌കൂട്ടറും അതിന്റെ നമ്പരും പൊലീസ് തിരിച്ചറിഞ്ഞു. സ്ഫോടകവസ്തു എറിഞ്ഞശേഷം യുവാവ് കുന്നുകുഴി, പൊട്ടക്കുഴി വഴി മെഡിക്കൽകോളേജ് വരെ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഫോറൻസിക് ലാബിൽ പരിശോധിച്ചാണ് നമ്പർ ഉറപ്പിച്ചത്.

പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി എ.ഡി.ജി.പി വിജയ് സാക്കറെ പറഞ്ഞു. ഡെപ്യൂട്ടി കമ്മിഷണർ ജെ.കെ.ദിനിലിന്റെ നേതൃത്വത്തിൽ 14അംഗ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സംഘം അറിയിച്ചു.

കുന്നുകുഴി ഭാഗത്തുനിന്ന് സ്കൂട്ടറിലെത്തിയ യുവാവാണ് എ.കെ.ജി സെന്ററിനോട് ചേർന്ന എ.കെ.ജി ഹാളിന്റെ ചുറ്റുമതിലിലേക്ക് സ്ഫോടകവസ്തു എറിഞ്ഞത്. ഐ.പി.സി 436 (സ്ഫോടകവസ്തു ഉപയോഗിച്ച് ജീവനും സ്വത്തിനും നാശമുണ്ടാക്കൽ), സ്ഫോടക വസ്തു നിരോധന നിയമം 3 (എ) എന്നിവ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പത്തുവർഷം വീതം ശിക്ഷിക്കാവുന്ന വകുപ്പുകളാണിവ. സ്ഫോടകവസ്തു തിരിച്ചറിയാൻ ഫോറൻസിക് ലാബിൽ പരിശോധന നടക്കുകയാണ്. പ്രദേശത്തെ ടവർപരിധിയിലുണ്ടായിരുന്ന ഫോണുകൾ കണ്ടെത്താൻ സൈബർസെൽ പരിശോധനയും നടത്തുന്നുണ്ട്. ജീവനക്കാരടക്കം ഓഫീസിലുണ്ടായിരുന്നപ്പോൾ വാഹനങ്ങൾ പ്രവേശിക്കുന്ന ഗേറ്റിലൂടെ ഓഫീസ് വളപ്പിലേക്ക് സ്ഫോടകവസ്തു വലിച്ചെറിഞ്ഞ് സ്ഫോടനം നടത്തിയെന്നാണ് കന്റോൺമെന്റ് പൊലീസിന്റെ എഫ്.ഐ.ആറിലുള്ളത്.

പ്രതിയെ കണ്ടെത്താൻ പ്രദേശത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് 15സംഘങ്ങളായി തിരിഞ്ഞ് പരിശോധിച്ചു. സ്കൂട്ടർ ഗേറ്റിനടുത്ത് നിറുത്തി സ്ഫോടകവസ്തു എറിയുന്ന ദൃശ്യം എ.കെ.ജി സെന്ററിലെ സി.സി.ടി.വി കാമറയിൽ നിന്ന് കിട്ടിയെങ്കിലും അതിൽ പ്രതിയുടെ മുഖമോ സ്കൂട്ടറിന്റെ നമ്പറോ വ്യക്തമായിരുന്നില്ല. എ.കെ.ജി സെന്ററിന്റെ കവാടത്തിൽ ആറംഗ പൊലീസ് സംഘം കാവലുണ്ടായിരുന്നപ്പോഴാണ് മറ്റൊരു ഗേറ്റിലൂടെ സ്ഫോടകവസ്തു എറിഞ്ഞത്.

''സംഭവത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ല. ചില സൂചനകളുണ്ട്. ഒരാളാണ് പ്രതിയെന്നാണ് സൂചന. മറ്റ് കാര്യങ്ങൾ അന്വേഷണത്തിൽ കണ്ടെത്തും.''

-വിജയ് സാക്കറെ

എ.ഡി.ജി.പി (ക്രമസമാധാനം)

Advertisement
Advertisement