ആറു മാസത്തിനിടെ മരിച്ചത് 14 പേർ : പേ വിഷ പ്രതിരോധ വാക്‌സിനിൽ ആശങ്ക

Friday 01 July 2022 11:07 PM IST

തിരുവനന്തപുരം : ആറു മാസത്തിനിടെ പേവിഷബാധയേറ്റ് 14പേർ മരിച്ചതോടെ ,സംസ്ഥാനത്ത്

പേ വിഷ പ്രതിരോധ വാക്‌സിന്റെ ഗുണ നിലവാരത്തിൽ ആശങ്ക പടരുന്നു. മരിച്ചവരിൽ ഏറെയും പേവിഷ പ്രതിരോധ വാക്‌സിൻ നാലുഡോസും എടുത്തവരാണ്..

കഴിഞ്ഞ ദിവസം പാലക്കാട്ട് മരിച്ച 19കാരി ശ്രീലക്ഷ്മിയും ആന്റിറാബിസ് വാക്‌‌സിൻ എടുത്തിരുന്നു. . വാക്‌‌സിൻ സൂക്ഷിക്കുന്നതിലെ ജാഗ്രതക്കുറവ്,പ്രയോഗിക്കുന്നതിലെ വീഴ്ച എന്നിവയാണ് വാ‌ക്‌സിനെ വിഫലമാക്കുന്നത്. . ഈ വർഷം ഏപ്രിൽ 10 വരെ പേ വിഷബാധ സ്ഥിരീകരിച്ച മൂന്നു പേരും മരിച്ചു. ഇന്നലെ വരെ മരണം 14 ആയി. കഴിഞ്ഞ വർഷം ആകെ മരണം 11ആയിരുന്നു.

സംസ്ഥാന ആരോഗ്യവകുപ്പ് വാങ്ങുന്നത് നിലവാരമുള്ള വാക്‌സിനാണെങ്കിലും, അത് സൂക്ഷിക്കുന്നത് കൃത്യതയോടെയാണോ എന്നതിൽ സംശയമുണ്ട്. ഫ്രിഡ്‌ജിൽ രണ്ടു മുതൽ എട്ടു സെന്റീഗ്രേഡിലാണ് സൂക്ഷിക്കേണ്ടത്. വാക്‌സിൻ പൊട്ടിക്കുന്നതു വരെ കോൾഡ് ചെയിനിൽ സൂക്ഷിക്കണം. സംസ്ഥാനത്തെ താലൂക്ക്,ജില്ലാ,ജനറൽ ആശുപത്രികളിലെല്ലാം വാക്‌സിൻ ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ട്. വൈദ്യുതിയില്ലാതായാൽ തണുപ്പ് നഷ്ടമാകും വാക്‌സിൻ ഉപയോഗശൂന്യമാകും. കൃത്യമായ അളവിൽ വാക്‌സിൻ കുത്തിവച്ചില്ലെങ്കിലും ഗുണമില്ല. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശപ്രകാരം 2.5 മി.ല്ലി ഡോസാണ് കുത്തിവയ്ക്കേണ്ടത്. ഇതിൽ കുറവ് വന്നാൽ ശരീരത്തിൽ ആന്റിബോഡി രൂപപ്പെടില്ല. നെഞ്ചിന് മുകളിൽ പരിക്കേൽക്കുന്നവർക്ക് വാക്‌സിനൊപ്പം ഇമ്യൂണോ ഗ്ലോബുലിൻ നൽകിയാലേ ഫലം കാണൂ.

സംശയാസ്പദമായ രീതിയിൽ നായ,പൂച്ച എന്നിവയിൽ നിന്നും മുറിവേറ്റാൽ എത്രയും വേഗം ഡോക്ടറെ കാണണം. തുടർന്ന് ആന്റിറാബീസ് എടുക്കണം. റാബിസ് വൈറസ് തലച്ചോറിലെത്തുന്നതിന് മുമ്പ് വാക്‌സിൻ എടുക്കണം. ഞരമ്പിലൂടെയാണ് പേ വിഷം തലച്ചോറിലെത്തുന്നത്.

വാക്‌സിനേഷൻ

0,3,7,21 അല്ലെങ്കിൽ 2 എന്നീ ദിവസങ്ങളിൽ നാല് കുത്തിവയ്പ്പാണ് എടുക്കേണ്ടത്. ആദ്യദിവസം രണ്ടു കയ്യിൽ തൊലിക്കടിയിൽ കുത്തിവയ്പ്പും പരിക്കേറ്റ ഭാഗത്ത് മുറിവുണ്ടെങ്കിൽ ഇമ്മ്യൂണോഗ്ലോബുലിൻ ഇൻജക്ഷനും. 3,7,21 എന്നീ ദിവസങ്ങളിൽ ഓരോന്നു വീതവും.ഇതിനുശേഷം മൂന്നു മാസത്തിനു മുമ്പ് കടിയേറ്റാൽ വീണ്ടും കുത്തിവയ്പ്പിന്റെ ആവശ്യമില്ല. പിന്നെ മരണം വരെ 0,3 ദിവസ ഡോസ് മതി.

വളർത്തുമൃഗങ്ങളെ ശ്രദ്ധിക്കണം

ഭക്ഷണം കഴിക്കാനുള്ള മടി

വായിൽനിന്ന് നുരയും പതയും വരിക,

ശബ്ദമാറ്റം,

പിൻകാലുകൾക്ക് തളർച്ച

അക്രമാസക്തമാകുക

പ്രകോപനമില്ലാതെ ഉപദ്രവിക്കുക

മൂന്ന് അപകടഘട്ടങ്ങൾ

ആദ്യഘട്ടം- പരിക്കേറ്റ ഭാഗത്ത് ചൊറിച്ചിൽ, മരവിപ്പ്, തലവേദന, തൊണ്ടവേദന

രണ്ടാംഘട്ടം- വിറയൽ, ശ്വാസതടസ്സം, ഉത്കണ്ഠ, പേടി, ഉറക്കമില്ലായ്മ ശബ്ദവ്യത്യാസം കാറ്റ് വെള്ളം വെളിച്ചം എന്നിവയോട് പേടി

മൂന്നാംഘട്ടം - തളർന്നു കിടക്കും,ശ്വാസതടസം, ശബ്ദവ്യത്യാസം മരണം

'വാക്‌സിന്റെ നിലവാര കുറവ് അപൂർവമായ സംഭവമാണ്. എന്നാൽ കുത്തിവയ്പ്പെടുക്കുന്നതിലെ കാലതാമസമാണ് അപകടത്തിലേക്ക് നയിക്കുന്നത്. എത്രയും വേഗം കുത്തിവയ്പ്പിന് തയ്യാറാകണം.'

-ഡോ.പ്രേം ജെയിൻ

റിട്ട.ജോയിൻ ഡയറക്ടർ

മൃഗസംരക്ഷണ വകുപ്പ്

Advertisement
Advertisement