ലൈഫ് പട്ടികയിൽ 46,377 പേരെ കൂടി ഉൾപ്പെടുത്തി
Saturday 02 July 2022 12:00 AM IST
തിരുവനന്തപുരം : ലൈഫ് ഭവനപദ്ധതിയിൽ ആദ്യഘട്ട അപ്പീൽ പരിശോധനയ്ക്ക് ശേഷം 46,377 പേരെ കൂടി ഉൾപ്പെടുത്തിയതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. ഇതിൽ 35,750 പേർ ഭൂമിയുള്ള ഭവനരഹിതരും 10,627 പേർ ഭൂരഹിത ഭവനരഹിതരുമാണ്. ഇതോടെ ആകെ ഗുണഭോക്താക്കൾ 5,60,758ആയി. പുതിയ കരട് പട്ടിക ഇന്നലെ തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചു. ഈപട്ടികയിൽ പരാതിയുള്ളവർക്ക് രണ്ടാം ഘട്ട അപ്പീൽ ഓൺലൈനായി ജൂലൈ 8 വരെ സമർപ്പിക്കാം. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ഇവ പരിശോധിക്കുന്നത്. ജൂലൈ 20നകം അപ്പീലുകൾ തീർപ്പാക്കി, പുതുക്കിയ പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും. നടപടികൾ പൂർത്തിയാക്കി ആഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധികരിക്കും. ആദ്യ കരട് പട്ടികയിൽ 5,14,381പേരായിരുന്നു ഗുണഭോക്താക്കൾ.