കാട്ടുപന്നികളെ തുരത്താൻ ടാസ്ക് ഫോഴ്സുകൾ

Saturday 02 July 2022 12:37 AM IST

പത്തനംതിട്ട : കൃഷിക്കും ജീവനും ഭീഷണിയായ കാട്ടുപന്നികളെ ഉൻമൂലനം ചെയ്യാൻ എല്ലാ പഞ്ചായത്തുകളിലും 15ന് മുൻപ് ജാഗ്രതാ സമിതികൾ രൂപീകരിക്കും.

തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ കൂടാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ, വെറ്ററിനറി ഡോക്ടർമാർ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവരും ജനജാഗ്രതാ സമിതിയിലുണ്ടാകും. ഓരോ പഞ്ചായത്തിലെയും തോക്ക് ലൈസൻസുള്ളവരുടെ കണക്ക് അതത് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ശേഖരിച്ച് പട്ടിക തയാറാക്കി അവരുടെ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കും. കാട്ടുപന്നി ശല്യം മുഖ്യ അജൻഡയാക്കി നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ഇൗ സുപ്രധാന തീരുമാനങ്ങൾ.

ടാസ്ക് ഫോഴ്സിന് ആവശ്യമായ പരിശീലനവും മോണിറ്ററിംഗും നൽകാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ നിർദേശിച്ചു.
കാട്ടുപന്നികളിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കാൻ പ്രതിരോധവേലി നിർമ്മാണ പദ്ധതി ഈ വർഷം നടപ്പാക്കും. കൃഷിയിടങ്ങൾക്ക് ചുറ്റും തൂണുകൾ ഉറപ്പിച്ച് അതിൽ ചെയിൻ ലിങ്ക്‌സ് കമ്പിവേലി സ്ഥാപിക്കണം. ഒന്നരമീറ്റർ ഉയരത്തിലാണ് തൂണുകൾ സ്ഥാപിക്കേണ്ടത്. കൃഷി വകുപ്പ് എൻജിനീയർ തയാറാക്കിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലുള്ള പ്രോജക്ടിന് സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. കർഷകർ നേരിട്ട് നിർമ്മിക്കുന്ന സംരക്ഷണ വേലി പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ എസ്റ്റിമേറ്റിലെ യൂണിറ്റ് കോസ്റ്റിന്റെ അടിസ്ഥാനത്തിൽ അളവെടുത്ത് മൂല്യനിർണയം നടത്തി ചെലവിന്റെ തുക നിർണയിക്കും. നിർമ്മാണ ചെലവിന്റെ അന്ന് പത്ത് ശതമാനമോ അൻപതിനായിരം രൂപയോ കർഷകന്റെ അക്കൗണ്ടിലേക്ക് സബ്‌സിഡിയായി ലഭിക്കും. പഞ്ചായത്ത് പ്രസിഡന്റ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, വേലി നിർമാണം നടത്തുന്ന പ്രദേശത്തെ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് അംഗം എന്നിവർ ഉൾപ്പെടുന്ന മോണിറ്ററിംഗ് കമ്മറ്റി ഇതിന്റെ മേൽനോട്ടം വഹിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്ന ഷൂട്ടർമാർക്ക് പ്രതിഫലം നൽകുന്നത് സംബന്ധിച്ച് ഉത്തരവ് വരാത്ത സാഹചര്യത്തിൽ 1000 രൂപ വീതം അവർക്ക് ഹോണറേറിയം നൽകണമെന്നും സാങ്കേതിക വിദഗ്ദ്ധരുടെ സഹായം ഷൂട്ടർമാർക്ക് ലഭ്യമാക്കാൻ സർക്കാർ തലത്തിൽ അറിയിക്കാനും യോഗത്തിൽ തീരുമാനമായി.

പഞ്ചായത്ത് പരിധിയിൽ തോക്ക് ലൈസൻസുള്ള ആരുമില്ലെങ്കിൽ അടുത്ത പഞ്ചായത്തിലെ ആളുകളുടെ സഹായം ജില്ലാതല കോഓർഡിനേഷൻ കമ്മറ്റി വഴി തേടാം.യോഗത്തിൽ ജില്ലാ കഒക്ടർ ഡോ. ദിവ്യ എസ്. അയ്യർ, നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു സി. മാത്യു, കോന്നി ഡി.എഫ്.ഒ ശ്യാം മാേഹൻലാൽ, റാന്നി ഡി.എഫ്.ഒ വിജയകുമാര ശർമ്മ,

അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്തു.

ഇതുവരെ

കോന്നി സർക്കിളിൽ 17 ജനജാഗ്രതാസമിതികൾ

78 കാട്ടുപന്നികളെ വെടിവച്ചുകൊന്നു

റാന്നി സർക്കിളിൽ 21 ജനജാഗ്രതാസമിതികൾ

52 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കർഷകർക്ക് പ്രതിസന്ധിയും ദുരിതവുമുണ്ടാക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കാൻ പ്രായോഗികമായ നടപടികളിലേക്ക് കടക്കുകയാണ്. ജാഗ്രതാ സമിതികളാണ് അതത് പ്രദേശത്ത് ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ ഉൻമൂലനം ചെയ്യാൻ തീരുമാനമെടുക്കേണ്ടത്.

ഓമല്ലൂർ ശങ്കരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്

Advertisement
Advertisement