യുവാവിനെ മർദ്ദിച്ച് കൊന്ന ആറു പേർ അറസ്റ്റിൽ, പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ മകനും
അഗളി: ലൈസൻസുള്ള തോക്ക് നൽകാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ വാങ്ങിയ യുവാവിന്റെ സഹോദരനെ മർദ്ദിച്ചു കൊന്ന ആറു പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (26) കൊല്ലപ്പെട്ട കേസിലാണ് ഭൂതിവഴിയിലെ പഞ്ചായത്ത് അംഗത്തിന്റെ മകൻ വിപിൻ പ്രസാദ്, ഭൂതവഴി സ്വദേശികളായ മാരി എന്ന പ്രവീൺ, രാജീവ്, വരോട് സ്വദേശികളായ നാഫി, സുനിൽകുമാർ, അഷറഫ് എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. പത്തംഗ സംഘത്തിലെ ബാക്കി നാലുപേർക്കായി തെരച്ചിൽ ഊർജിതമാക്കി. വ്യാഴാഴ്ച രാത്രി കാവുണ്ടിക്കൽ ഇരട്ടക്കുളത്തെ ഫാമിലായിരുന്നു സംഭവം.
നന്ദകിഷോറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും കണ്ണൂർ സ്വദേശിയുമായ വിനയൻ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നന്ദകിഷോറിന്റെ സഹോദരൻ ഋഷി നന്ദനും പരിക്കേറ്റു.
കിളികളെ കൊല്ലുന്ന തോക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞ് ഋഷി നന്ദനാണ് പ്രതികളിൽ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയത്. നന്ദകിഷോറും വിനയനുമായിരുന്നു ഇടനിലക്കാർ. എന്നാൽ നിശ്ചിത സമയം കഴിഞ്ഞും തോക്ക് കൊടുത്തില്ല. തുടർന്ന് പ്രതികൾ പണം മടക്കി ചോദിച്ചപ്പോൾ നൽകാനും കഴിഞ്ഞില്ല. ഇതേത്തുടർന്നുള്ള തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
നാലു ദിവസം തടവിൽ, മർദ്ദനം
തിങ്കളാഴ്ച മുതൽ വിനായകനെ അക്രമിസംഘം തടവിലാക്കി മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ നന്ദകിഷോറും ഋഷി നന്ദനും വ്യാഴാഴ്ച രാത്രി പത്തിന് ഫാം ഹൗസിലെത്തി. ലഹരിയിലായിരുന്ന പ്രതികൾ നന്ദകിഷോറിനെ കുറുവടികൊണ്ട് തലയ്ക്ക്ടിച്ചു.തുടർന്ന് ക്രൂരമായി മർദ്ദിച്ചു. അവശ നിലയിലായ മൂന്നുപേരെയും പുലർച്ചെ നാലോടെ പ്രതികൾ അഗളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം മുങ്ങുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പ് തന്നെ നന്ദകിഷോർ മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. അഗളി സി.ഐ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള തെരച്ചിലിൽ ഭൂതിവഴിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.