നാടാകെ നായ്ക്കൾ... കുര കേൾക്കാതെ കോർപ്പറേഷൻ

Saturday 02 July 2022 12:15 AM IST

കൊല്ലം: തെരുവുനായ്ക്കളുടെ ആക്രമണം നഗരത്തിൽ രൂക്ഷമായിട്ടും കോർപ്പറേഷൻ അനങ്ങാപ്പാറ നിലപാടിൽ. വാർഷിക പദ്ധതികൾക്ക് അനുമതി ലഭിക്കും മുൻപേ അടിയന്തര പദ്ധതികൾ നടപ്പാക്കാമെങ്കിലും തെരുവ് നായ വന്ധ്യംകരണത്തിനുള്ള എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) അധികൃതർ വൈകിപ്പിക്കുകയാണ്. കൗൺസിലർമാർക്കുൾപ്പെടെ തെരുവ് നായയുടെ കടിയേറ്റിട്ടും താത്കാലിക സംവിധാനം പോലും ഒരുക്കാനാവുന്നില്ല.

പല ഭാഗങ്ങളിലും ഭീതിപ്പെടുത്തും വിധമാണ് തെരുവ് നായ്ക്കൾ തമ്പടിച്ചിരിക്കുന്നത്. കാൽനട, ഇരുചക്ര വാഹന യാത്രക്കാരെ പിന്തുടർന്ന് ഭീതിപ്പെടുന്നത് നിത്യസംഭവമായി. കടിയേറ്റതിന് പുറമേ ഭയന്നോടി വീണും വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായും സമീപകാലത്ത് നിരവധി പേർക്കാണ് പരിക്കേറ്റത്. രണ്ട് മാസമായി തെരുവ് നായ വന്ധ്യംകരണം നടക്കുന്നതുമില്ല. 2021-22 സാമ്പത്തിക വർഷത്തെ എ.ബി.സി പദ്ധതി പത്ത് മാസത്തിലേറെ പാഴാക്കി അവസാന മൂന്ന് മാത്രം മാത്രമാണ് നടപ്പാക്കിയത്. അതിനാൽ കേവലം 800 നായ്ക്കളെ മാത്രമാണ് വന്ധ്യംകരിക്കാനായത്. ഇത്തവണ 38 ലക്ഷം രൂപ ചെലവിൽ നഗരപരിധിയിലെ അഞ്ച് മൃഗാശുപത്രികളിലായി 5000 തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുകയാണ് ലക്ഷ്യം.

 തെരുവുനായ അഴിഞ്ഞാടി,

15 പേർക്ക് കടിയേറ്റു

കർബല- എസ്.എൻ കോളേജ് റോഡിൽ തെരുവ് നായ 14 വിദ്യാർത്ഥികളെയും സ്കൂൾ ബസ് ക്ളീനറെയും കടിച്ചു. കൊല്ലം കർബല ജംഗ്ഷൻ മുതൽ ശാരദാമഠം വരെ തലങ്ങും വിലങ്ങും ഓടിയാണ് നായ പരാക്രമം കാട്ടിയത്.

ഇന്നലെ രാവിലെ 8.45 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കർബല ജംഗ്ഷന് സമീപത്ത് വച്ച് രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്കാണ് ആദ്യം കടിയേറ്റത്. ഇതുകണ്ട ബസ് ക്ളീനർ അതുൽ രതീഷ് നായയെ ഓടിച്ചു. തുടർന്ന് ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ നായ മടങ്ങിയെത്തി അതുലിന്റെ കൈയിൽ കടിക്കുകയായിരുന്നു. അതിന് ശേഷം ശാരദാമഠത്തിന് മുന്നിലേക്ക് കുതിച്ച നായ അതുവഴി നടന്നുവന്ന കോളേജ് വിദ്യാർത്ഥികളെ ആക്രമിച്ചു. ചിലരെ മാന്തുകയും ചെയ്തു. തുടർന്ന് സ്ഥലത്തുണ്ടായിരുന്നവർ സംഘടിച്ച് നായയെ പിടിച്ചുകെട്ടി. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കടിയേറ്റവരിൽ അധികവും പെൺകുട്ടികളാണ്. ആരുടെയും പരിക്ക് സാരമല്ല.

Advertisement
Advertisement