ഓരോ ഫയലും അതിപ്രധാനം: സജി ചെറിയാൻ

Saturday 02 July 2022 12:30 AM IST

തിരുവനന്തപുരം:മുന്നിലെത്തുന്ന ഓരോ ഫയലും അതീവപ്രാധാന്യത്തോടെ പരിഗണിക്കണമെന്നും ആവുന്നത്ര വേഗത്തിൽ തീർപ്പാക്കണമെന്നും ഉദ്യോഗസ്ഥരോട് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ വകുപ്പുകളിലെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി വിളിച്ചുചേർത്ത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂലായ് 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള മൂന്ന് മാസമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തുന്നത്. ഒരു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഫയലുകൾ തീർപ്പാക്കും. ഡയറക്ടർ തലത്തിലും പ്രിൻസിപ്പൽ സെക്രട്ടറി തലത്തിലും തുടർന്ന് മന്ത്രി പങ്കെടുക്കുന്ന അദാലത്തും നടത്തും. കോടതി കേസുള്ള ഫയലുകൾ തീർപ്പാക്കാൻ ഓരോ വകുപ്പിലും പ്രത്യേകം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ഫയൽ തീർപ്പാക്കൽ വിജയിപ്പിക്കാൻ ആവശ്യമെങ്കിൽ ഞായറാഴ്ചകളിലും പ്രവൃത്തിയെടുക്കും.