ദുബായിൽ തൂങ്ങിമരിച്ച യുവതിയുടെ മൃതദേഹം റീപോസ്റ്റ്‌മോർട്ടം ചെയ്തു

Saturday 02 July 2022 12:33 AM IST
അഫീല

#കൊലപാതകമെന്ന് ബന്ധുക്കൾ

മഞ്ചേരി : ദുബായിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കുറ്റിപ്പുറം രാങ്ങാട്ടൂർ കുന്നക്കാട്ട് അഫീലയുടെ(27) മൃതദേഹം, കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ റീ പോസ്റ്റ്‌മോർട്ടം ചെയ്തു.

ജൂൺ 10ന് രാത്രിയാണ് അഫീലയെ ദുബായ് അൽസലീല സ്ട്രീറ്റിലെ താമസസ്ഥലത്തെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യസ്ഥാപനത്തിൽ അഡ്‌മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന കടലുണ്ടി നഗരം ആനങ്ങാടി വയൽപീടിയേക്കൽ റാസിഖാണ് (28) അഫീലയുടെ ഭർത്താവ്. 2014ലായിരുന്നു ഇവരുടെ വിവാഹം. മാർച്ചിലാണ് അഫീല നാലു വയസുകാരൻ മകനൊപ്പം ഭർത്താവിനടുത്തേക്ക് പോയത്. ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. പലതവണ ഭർത്താവ് മർദ്ദിച്ചതിനെ തുടർന്നുണ്ടായ പരിക്കുകൾ ഫോട്ടോയെടുത്ത് അഫീല നാട്ടിലെ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു.

അടുക്കളയിലെ ചുമരിൽ സ്‌ക്രൂ ചെയ്ത ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒട്ടും ഉറപ്പില്ലാത്ത ഹുക്കിൽ തൂങ്ങിമരിച്ചെന്ന വാദം വിശ്വസനീയമല്ലെന്നും ഹുക്കിൽ തൂങ്ങിയാൽ കാലുകൾ തറയിൽ മുട്ടുമെന്നും ബന്ധുക്കൾ പറയുന്നു. ദുബായിലെ സുഹൃത്തുക്കൾ വഴി ഖത്തറിലുള്ള ബന്ധുക്കളും മറ്റും എത്തിയപ്പോഴേക്കും ഭർത്താവ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദുബായിൽ പോസ്റ്റുമോർട്ടം നടന്നെങ്കിലും രേഖകൾ തങ്ങൾക്ക് കിട്ടിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്നാണ് ഇന്ത്യൻ എംബസിയിൽ പരാതി നൽകിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. ഇന്നലെ പുലർച്ചെ നാലരയ്ക്ക് കരിപ്പൂർ എയർപോർട്ടിലെത്തിച്ച മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിക്കുകയായിരുന്നു. തിരൂർ തഹസിൽദാർ പി. ഉണ്ണി ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം റീപോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി രാങ്ങാട്ടൂർ ജുമാ മസ്ജിദിൽ ഖബറടക്കി.

Advertisement
Advertisement