എകെജി സെന്ററിൽ ആദ്യമായിട്ടല്ല ബോംബേറ്; ഇതിന് മുമ്പ് നടന്നത് രണ്ട് വട്ടം; അന്ന് ശ്വാസം കിട്ടാതെ കുടുങ്ങിയത് വി എസും പിണറായിയും
തിരുവനന്തപുരം: സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരേ അതിക്രമം ഇത് മൂന്നാം തവണ. 1983ൽ കെ എസ് യു പ്രവർത്തകരും, 1991ൽ പൊലീസുമായിരുന്നു ആക്രമണത്തിന് നേതൃത്വം നൽകിയത്. രണ്ട് തവണയും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുന്ന വേളയിലായിരുന്നു ആക്രമണം.
1983 ഒക്‌ടോബർ 31ന് പാളയത്തെ എം എൽ എ ക്വാർട്ടേഴ്‌സിൽ നിന്ന് പ്രകടനമായെത്തിയ കെ.എസ്.യു പ്രവർത്തകർ എ.കെ.ജി സെന്ററിന് നേരെ ബോംബെറിയുകയായിരുന്നു. ആക്രമണത്തിനിടെ ഓഫീസിലെ എ.കെ.ജിയുടെ ചിത്രവും കണ്ണാടി ജനാലകളും ട്യൂബ് ലൈറ്റുകളും തകർന്നു. ഓഫീസ് സെക്രട്ടറിയായിരുന്ന ചന്ദ്രൻ ഉൾപ്പെടെയുളളർ പ്രതികളെ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
എ.കെ.ജി സെന്ററിൽ ബോംബേറുണ്ടായ വാർത്ത പരന്ന സമയത്ത് വി.ജെ.ടി ഹാളിൽ (അയ്യങ്കാളി ഹാൾ) പൊതു പരിപാടിയിൽ പങ്കെടുത്ത് മടങ്ങാൻ ഒരുങ്ങിയ വ്യവസായ മന്ത്രി ഇ. അഹമ്മദിന് കല്ലേറിൽ മൂക്കിന് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ജി. കാർത്തികേയൻ, ജില്ലാ പ്രസിഡന്റായിരുന്ന എം.എ. വാഹിദ്, ചെറിയാൻ ഫിലിപ്പ് തുടങ്ങിയ നേതാക്കൾക്കെതിരെയും കൈയേറ്റമുണ്ടായി.
എം.എൽ.എ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ പ്രതിഷേധക്കാർ ബെന്നി ബഹനാന്റെയും രമേശ് ചെന്നിത്തലയുടേയും മുറിക്കുളളിലേക്ക് പ്രവേശിച്ചതും സംഘർഷങ്ങൾക്ക് വഴിയൊരുക്കി. മൂന്ന് ദിവസം ജില്ലയിലെ വിദ്യാലയങ്ങൾ അടച്ചിട്ടു. ബോംബേറുമായി ബന്ധപ്പെട്ട് 14 കെ.എസ്.യു പ്രവർത്തകരെ റിമാൻഡ് ചെയ്‌തു.
1991 ഡിസംബർ ഏഴിന് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ തെരുവ് യുദ്ധത്തിനൊടുവിലാണ് എ.കെ.ജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സർവകലാശാല ഓഫീസിന് മുന്നിൽ ഖാദി ബോർഡിന്റെ കാർ തീവച്ച് നശിപ്പിച്ച എസ്.എഫ്.ഐക്കാർ ആറ് ബസുകൾ എറിഞ്ഞുതകർത്തു.
ലാത്തിച്ചാർജിലും കല്ലേറിലും അമ്പതോളം വിദ്യാർത്ഥികൾക്കും മുപ്പത് പൊലീസുകാർക്കും പരിക്കേറ്റു. കല്ലെറിഞ്ഞ ഏതാനും വിദ്യാർത്ഥികൾ രക്ഷപ്പെടാനായി എ.കെ.ജി സെന്ററിനുളളിലേക്ക് ഓടിക്കയറി. ഗേറ്റ് വരെയെത്തിയ പൊലീസ്, ഉളളിൽ നിന്ന് കല്ലേറുണ്ടായതോടെ കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു.
ഒരു മണിക്കൂറോളം എ.കെ.ജി സെന്റർ പുക കൊണ്ട് മൂടി. മുറികളിലേക്കും പുക വ്യാപിച്ചതോടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിറുത്തിവച്ചു. ശ്വാസം വിടാനോ പുറത്തിറങ്ങാനോ ആകാതെ സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, ചടയൻ ഗോവിന്ദൻ, ടി.കെ. രാമകൃഷ്‌ണൻ, എം.എം. ലോറൻസ് ഉൾപ്പെടെയുളള നേതാക്കൾ മുറിക്കുളളിൽ അകപ്പെട്ടു. സി.പി.എം സംസ്ഥാനമൊട്ടാകെ ബന്ത് നടത്തിയാണ് പ്രതിഷേധിച്ചത്. പിറ്റേ ദിവസം വട്ടപ്പാറ, കുടപ്പനക്കുന്ന്, വലിയതുറ എന്നിവിടങ്ങിൽ പൊലീസ് വെടിവയ്പ് നടന്നു.
ബേബിയുടെ വായിൽ
കരിങ്കല്ല് തിരുകാൻ ശ്രമം
1991ലെ ആക്രമണത്തിൽ എ.കെ.ജി സെന്ററിനുളളിൽ നിന്ന് ക്ഷുഭിതനായി പുറത്തേക്ക് വന്ന അന്നത്തെ രാജ്യസഭാ എം.പി എം.എ. ബേബി സംസാരിക്കാൻ തുടങ്ങുന്നതിനിടെ അദ്ദേഹത്തിന്റെ വായിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചെറിയ കരിങ്കല്ല് കുത്തിക്കയറ്റാൻ ശ്രമിച്ചു. ബേബി രാജ്യസഭയിൽ നൽകിയ നോട്ടീസിനെ തുടർന്ന് സംസ്ഥാന ഡി.ജി.പിയെ പാലർമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് മുന്നിൽ വിളിപ്പിച്ചു.