കോഴിക്കോട് ആവിക്കലിൽ സമരക്കാരും പൊലീസും തമ്മിൽ വൻ സംഘർഷം; കണ്ണീർ വാതകം, ​ലാത്തിച്ചാർജ്

Saturday 02 July 2022 12:15 PM IST

കോഴിക്കോട്: വെള്ളയിൽ ആവിക്കലിൽ കോർപ്പറേഷൻ സ്ഥാപിക്കുന്ന മാലിന്യ പ്ലാന്റിനെതിരെ നടക്കുന്ന തീരദേശ ഹർത്താലിൽ വൻ സംഘർഷം. സമരക്കാരെ പൊലീസ് വളഞ്ഞിട്ട് തല്ലി. കല്ലേറുണ്ടായതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. രാവിലെ ഒന്നരമണിക്കൂറോളം സമരക്കാർ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. സംഭവത്തിൽ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനവാസമേഖലയിൽ മലിനജല പ്ലാന്റ് നിർമ്മിക്കുന്നതിനെതിരെയാണ് കോഴിക്കോട് ആവിക്കൽ തോടിൽ ഹർത്താൽ. മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് സമരസമിതിയുടെ ഹർത്താല്‍. വാഹനങ്ങൾ തടയില്ലെന്നും അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടയിലും കനത്ത പൊലീസ് കാവലിൽ മലിനജല സംസ്കരണ പ്ലാന്റ് നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. പ്ലാന്റ് നിർമ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം.