ദേവസഹായം പിള‌ളയെ മാർത്താണ്ഡവർമ്മ വധശിക്ഷയ്‌ക്ക് വിധിച്ചത് മതംമാറിയതിനല്ല, പകരം കാരണമായത് മറ്റൊന്ന്; മാർപ്പാപ്പയ്‌ക്ക് കത്തയച്ച് തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ

Saturday 02 July 2022 1:22 PM IST

തിരുവനന്തപുരം: ദേവസഹായം പിള‌ളയെ വിശുദ്ധനായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കഥകളിൽ പ്രതിഷേധിച്ച് ഫ്രാൻസിസ് മാർപ്പാപ്പയ്‌ക്ക് കത്തയച്ച് തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ. രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളായ ഗൗരി പാർവതി ബായിയും ഗൗരി ലക്ഷ്‌മി ബായിയുമാണ് തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയ്‌ക്കെതിരെ പ്രചരിക്കുന്ന കഥയെ എതിർത്ത് കത്ത് നൽകിയിരിക്കുന്നത്. മാർത്താണ്ഡവർമ്മയ്‌ക്കെതിരായി പ്രചരിക്കുന്ന കഥ തങ്ങളെ വല്ലാതെ വിഷമിപ്പിക്കുകയാണ്.

മാർത്താണ്ഡവർമ്മയോ അദ്ദേഹത്തിന്റെ കാലശേഷം തിരുവിതാംകൂർ ഭരിച്ചവരോ മറ്റ് മതങ്ങളിൽപെട്ടവർക്കെതിരെ ഒരിക്കലും വേർതിരിവ് കാണിച്ചിട്ടില്ല. അന്യ മതത്തിൽ പെട്ടവർക്ക് സൗജന്യമായി ഭൂമി നൽകുക വരെയുണ്ടായിട്ടുണ്ടെന്നും വസ്‌തുതകൾ നിരത്തി കത്തിൽ സൂചിപ്പിക്കുന്നു. ടി.കെ വേലുപിള‌ളയുടെ 'ട്രാവൻകൂർ സ്‌റ്റേ‌റ്റ് മാനുവലിൽ' വരാപ്പുഴ പള‌ളിയ്‌ക്ക് മാർത്താണ്ഡവർമ്മ സൗജന്യമായി ഭൂമി നൽകിയ വിവരമാണ് രാജകുടുംബാംഗങ്ങൾ എടുത്തുകാട്ടുന്നത്. ഒപ്പം ഉദയഗിരി പള‌ളി പണിയുന്നതിനായി മാർത്താണ്ഡവർമ്മയ്‌ക്ക് ശേഷം രാജ്യം ഭരിച്ച കാർത്തികതിരുനാൾ രാമവർമ്മ സഹായം നൽകുകയും വികാരിയ്‌ക്ക് 100 പണം ശമ്പളം നൽകുകയും ചെയ്‌തിരുന്നതായും രേഖയും അവർ എടുത്തുകാട്ടുന്നു. മാർത്താണ്ഡവർമ്മയുടെ സേനാധികാരിയായ ഡിലനായിയുടെ അഭ്യർത്ഥന അനുസരിച്ചാണ് രാജാവ് ഇത്തരത്തിൽ സഹായം ചെയ്‌തത്.

രാജാവായിരുന്ന മൂലം തിരുനാൾ രാമവർമ്മയുടെ അറുപതാം പിറന്നാളിന് അന്നത്തെ മാർപ്പാപ്പയായിരുന്ന ബെനഡിക്‌റ്റ് പതിനഞ്ചാമൻ തിരുവിതാംകൂറിലെ കത്തോലിക്കരോട് രാജാക്കന്മാർ സമത്വവും ദയയും കാട്ടിയതായി പറയുന്നതും രാജകുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദേവസഹായം പിള‌ള എന്ന നീലകണ്‌ഠപിള‌ളയെ ക്രിസ്‌ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്‌തതുകൊണ്ട് വധശിക്ഷയ്‌ക്ക് വിധിച്ചു എന്ന കഥയെ രാജകുടുംബാംഗങ്ങൾ തള‌ളി. മാ‌ർത്താണ്ഡവർമ്മയുടെ കാലത്ത് സൈന്യാധിപനായിരുന്ന ഡിലനായിയുടെ സഹായിയായിരുന്ന നീലകണ്‌ഠപിള‌ള അദ്ദേഹത്തിന്റെ സ്വാധീനത്താൽ ക്രിസ്‌ത്യൻ മതം സ്വീകരിച്ച് ദേവസഹായം പിള‌ളയായി.

എന്നാൽ അദ്ദേഹം ഡച്ചുകാർക്കൊപ്പം ചേർന്ന് രാജ്യത്തിനെതിരെ തിരിയുകയും രാജാവിനോട് അവിശ്വാസം കാണിച്ച് കടുത്ത രാജ്യദ്രോഹം ചെയ്‌തു. ഒപ്പം ഗുരുതരമായ ആരോപണങ്ങളുണ്ടായിരുന്നെങ്കിലും അവ കത്തിൽ ഒഴിവാക്കുന്നതായും തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ പറഞ്ഞു. ഈ ചരിത്ര രേഖകൾ അവതരിപ്പിക്കുന്നത് സഭയോടുള‌ള അനാദരവല്ലെന്നും പകരം രാജാവിനും പഴയ രാജ്യത്തിനും എതിരായുള‌ള പരാമർശങ്ങളിലെ ശരിയായ വസ്‌തുത അറിയിച്ചതാണെന്നും കത്തിൽ പറയുന്നു.

1712ൽ ഏപ്രിൽ 23ന് കന്യാകുമാരിയിലെ നട്ടാലത്ത് ജനിച്ച നീലകണ്‌ഠപിള‌ള 1745ലാണ് മതപരിവർത്തനശേഷം ദേവസഹായം പിള‌ള എന്ന പേര് മാറ്റിയത്. 2021 മേയ് മൂന്നിനാണ് ദേവസഹായം പിള‌ളയടക്കം ആറുപേർ വിശുദ്ധ പദവിയിലെത്തിയത്.