പി സി ജോർജ് തന്റെ ശത്രുവായിരുന്നില്ല, വ്യക്തമായ തെളിവുണ്ട്, പീഡന പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി

Saturday 02 July 2022 6:32 PM IST

തിരുവനന്തപുരം: വ്യക്തമായ തെളിവുള‌ളതിനാലാണ് പി.സി ജോർജിനെതിരെ പരാതിനൽകിയതെന്നും അറസ്‌റ്റ് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ലെന്നും പരാതിക്കാരി. ഫെബ്രുവരി 10ന് തൈക്കാട് വച്ചാണ് തനിക്ക് പി.സി ജോർജിൽ നിന്നും ദുരനുഭവമുണ്ടായത്. പരാതിയിൽ ഉറച്ചുനിൽക്കുന്നതായും അവർ പറഞ്ഞു.

മാനസികമായ തയ്യാറെടുപ്പ് പരാതിനൽകാൻ ആവശ്യമായിരുന്നു. അതിനാലാണ് ഇന്ന് തന്നെ പരാതി നൽകിയതെന്നും ജോർജ് തന്റെ ശത്രുവായിരുന്നില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തോട് മൊഴി നൽകുമ്പോൾ ഇക്കാര്യം പറഞ്ഞിരുന്നു. ശേഷം അഭിഭാഷകന്റെ നിർദ്ദേശപ്രകാരം സംഭവം നടന്ന സ്ഥലവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസിന് പരാതി നൽകി. ഇതിന് പിന്നിൽ ആരുടെയും പ്രേരണയില്ലെന്നും പരാതിക്കാരി അറിയിച്ചു. മേയ് മാസത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ തന്നെയെന്തിന് വലിച്ചിഴ‌യ്‌ക്കുന്നു എന്നറിയാനാണ് പി.സിയെ അദ്ദേഹത്തിന്റെ വീട്ടിൽപോയി കണ്ടതെന്നും അവർ പറഞ്ഞു.

സോളാർ കേസ് പ്രതിയുടെ പരാതിയിന്മേലാണ് പി സി ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തി തന്നെ കടന്നു പിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് മ്യൂസിയം പൊലീസിൽ അവർ പരാതി നൽകിയിരിക്കുന്നത്.