പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയം: പണി തുടങ്ങുമോ?

Saturday 02 July 2022 9:10 PM IST

പത്തനംതിട്ട : പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയം പദ്ധതി കടസാലിൽത്തന്നെ. 2017 ഒാഗസ്റ്റ് 17 ന് അന്നത്തെ ഗവർണർ പി.സദാശിവമാണ് സ്റ്റേഡിയത്തിന് തറക്കല്ലിട്ടത്. 2020 സെപ്തംബർ 12ന് ആന്റോ ആന്റണി എം.പി നിർമ്മാണോദ്ഘാടനവും നടത്തി. പക്ഷേ തുടർനടപടി ഉണ്ടായില്ല. നഗരത്തിലേയും സമീപ പഞ്ചായത്തുകളിലെയും തോടുകളിൽ നിന്നും പുഴകളിൽ നിന്നും നീക്കംചെയ്തിരിക്കുന്ന മണലും ചെളിയും ഇപ്പോൾ നിക്ഷേപിച്ചിരിക്കുന്നത് സ്റ്റേഡിയത്തിനായി കണ്ടെത്തിയ ഭൂമിയിലാണ്. അഞ്ചടിയോളം ഉയരത്തിൽ ഇവിടെ മണ്ണും മണലും നിറഞ്ഞുകഴിഞ്ഞു.

മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഇത് ലേലം ചെയ്യാനാണ് നീക്കം. ലേലം ചെയ്തുകിട്ടുന്ന തുകയിൽ ഒരു ഭാഗം നഗരസഭയ്ക്കും റവന്യു വകുപ്പിനും ലഭിക്കും.

അഞ്ചുമാസമായി മണ്ണ് ഇവിടെ ഇടാൻ തുടങ്ങിയിട്ട്. ഇതുവരെ ലേലം ചെയ്യാൻ തുടങ്ങിയിട്ടില്ല. ഇൻഡോർ സ്റ്റേഡിയത്തിനായുള്ള പ്രാഥമികഘട്ട പൈലിംഗ് നടന്നിരുന്നു. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹായത്തോടെ 16 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. മൂന്നേക്കർ സ്ഥലം സ്റ്റേഡിയം നിർമ്മാണത്തിനായി നഗരസഭ വിട്ടുനൽകുകയായിരുന്നു.

5500 സ്ക്വയർഫീറ്റിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. നിർമ്മാണം 22മാസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് അന്ന് കേന്ദ്ര പൊതുമരാമത്ത് വിഭാഗം അറിയിച്ചിരുന്നത്. ഇപ്പോൾ രണ്ട് വർഷമാകുന്നു നിർമ്മാണോദ്ഘാടനം നടത്തിയിട്ട്. തറക്കല്ലിട്ടിട്ട് അഞ്ച് വർഷം കഴിഞ്ഞു. രണ്ടുരാജ്യാന്തര മത്സരങ്ങൾ ഒരേസമയം നടത്താൻ കഴിയുന്ന രീതിയിലുള്ള സ്റ്റേഡിയമാണ് വിഭാവനം ചെയ്തിരുന്നത്. 5000 കാണികൾക്ക് ഇരിക്കാനുള്ള സൗകര്യമടക്കം ഇതിലുൾപ്പെടും.

"ഇറിഗേഷൻ വകുപ്പിന് ചെളിമണ്ണ് നിക്ഷേപിക്കാൻ എല്ലവരുടെയും അനുമതിയോടെയാണ് ഇൻഡോർ സ്റ്റേഡിയത്തിനായുള്ള സ്ഥലം വിട്ടുനൽകിയത്.

നഗരസഭാ അധികൃതർ

Advertisement
Advertisement