പ്രോസിക്യൂഷൻ വാദം തള്ളി കോടതി, പീഡന കേസിൽ പി സി ജോർജിന് ജാമ്യം
തിരുവനന്തപുരം: പീഡനപരാതിയിൽ ജനപക്ഷം നേതാവ് പിസി ജോർജിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി - 3 ആണ് ജാമ്യം അനുവദിച്ചത്. വാദം പൂർത്തിയായി രണ്ട് മണിക്കൂറിന് ശേഷമാണ് ജാമ്യ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, കുറ്റപത്രം നൽകുന്നതു വരെ ഹാജരാകണം, പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത്, അന്വേഷണമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചത്.
നിലവിൽ ഒമ്പതു കേസുകളിൽ പ്രതിയായ പി സി ജോർജിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. ജാമ്യം ലംഘിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നും മതവിദ്വേഷ പ്രസംഗമടക്കമുള്ള നിരവധി കേസുകളിലെ പ്രതിയായ പി സി ജോർജ് കോടതി നൽകിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം പി സി ജോർജിനെതിരായി പീഡനപരാതി ഫയൽ ചെയ്ത പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതികൾ നൽകിയ ആളാണ് പരാതിക്കാരിയെന്നും പ്രതിഭാഗം വാദിച്ചു. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണിതെന്നും തിരശീലയ്ക്ക് പിന്നിൽ മറ്റ് പലരുമാണെന്നും വാദിച്ച പ്രതിഭാഗം പരാതിക്കാരിയെ കൊണ്ട് കള്ളപരാതി നൽകിയതാണെന്നും വാദിച്ചു. പി സി ജോർജിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഹൃദ്രോഗം, രക്തസമ്മർദ്ദം എന്നീ പ്രശ്നങ്ങൾ അനുഭവിക്കുന്നതിനാൽ ജയിലിലടയ്ക്കരുതെന്നും പി സി ജോർജിന്റെ അഭിഭാഷകൻ വാദിച്ചു. പ്രതിഭാഗം നടത്തിയ ഈ വാദങ്ങളെ മുഖവിലയ്ക്കെടുത്ത് കൊണ്ടാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.