പീഡന കേസിന് പിന്നിൽ പിണറായിയും ഫാരിസ് അബൂബക്കറും, മുഖ്യമന്ത്രിയുടെ നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത് ഫാരിസ്; ജാമ്യം ലഭിച്ചതിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി പി സി ജോർജ്

Saturday 02 July 2022 9:55 PM IST

തിരുവനന്തപുരം: തനിക്കെതിരായി പീഡനക്കേസ് ഉയർന്നുവന്നതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും ഫാരിസ് അബൂബക്കറുമാണെന്നും മുഖ്യമന്ത്രിയുടെ വിദേശത്തുള്ള നിക്ഷേപങ്ങൾ നിയന്ത്രിക്കുന്ന ബിനാമിയാണ് ഫാരിസ് അബൂബക്കറെന്നും പി സി ജോർജ്. പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും സാമ്പത്തിക സ്രോതസുകളെകുറിച്ച് വിശദമായി അന്വേഷിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. പീഡനക്കേസിൽ ജാമ്യം ലഭിച്ച ശേഷം കോടതിക്ക് വെളിയിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു പി സി ജോർജ്.

മുഖ്യമന്ത്രിയുടെ അമേരിക്കൻ ബന്ധത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെന്നും പിണറായി വിജയൻ അഴിമതിക്കാരനാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും പി സി ജോർജ് പറഞ്ഞു. വീണാ വിജയന്റെ കമ്പനിയുടെ സാമ്പത്തിക സ്രോതസുകൾ അന്വേഷിക്കണമെന്നും ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളിൽ പിണറായിക്കും പങ്കുണ്ടെന്നും പി സി ജോർജ് പറ‌ഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അന്വേഷണ ഏജൻസികൾക്ക് പരാതി നൽകുമെന്നും പി സി ജോർജ് വ്യക്തമാക്കി.

നേരത്തെ പീഡനപരാതിയിൽ ജനപക്ഷം നേതാവ് പിസി ജോർജിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി - 3 ആണ് ജാമ്യം അനുവദിച്ചത്. വാദം പൂർത്തിയായി രണ്ട് മണിക്കൂറിന് ശേഷമാണ് ജാമ്യ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. നിലവിൽ ഒമ്പതു കേസുകളിൽ പ്രതിയായ പി സി ജോർജിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. ജാമ്യം ലംഘിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നും മതവിദ്വേഷ പ്രസംഗമടക്കമുള്ള നിരവധി കേസുകളിലെ പ്രതിയായ പി സി ജോർജ് കോടതി നൽകിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം പി സി ജോർജിനെതിരായി പീഡനപരാതി ഫയൽ ചെയ്ത പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതികൾ നൽകിയ ആളാണ് പരാതിക്കാരിയെന്നും പ്രതിഭാഗം വാദിച്ചു. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണിതെന്നും തിരശീലയ്ക്ക് പിന്നിൽ മറ്റ് പലരുമാണെന്നും വാദിച്ച പ്രതിഭാഗം പരാതിക്കാരിയെ കൊണ്ട് കള്ളപരാതി നൽകിയതാണെന്നും വാദിച്ചു. പി സി ജോർജിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഹൃദ്രോഗം, രക്തസമ്മർദ്ദം എന്നീ പ്രശ്നങ്ങൾ അനുഭവിക്കുന്നതിനാൽ ജയിലിലടയ്ക്കരുതെന്നും പി സി ജോർജിന്റെ അഭിഭാഷകൻ വാദിച്ചു. പ്രതിഭാഗം നടത്തിയ ഈ വാദങ്ങളെ മുഖവിലയ്ക്കെടുത്ത് കൊണ്ടാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.