ഡച്ച് ഫുട്ബാളിലെ പ്രമുഖനായ വ്യക്തിയിൽ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്; 35 വർഷം മനസിൽ ഒളിപ്പിച്ചിരുന്ന രഹസ്യം വെളിപ്പെടുത്തി അയർലാൻഡ് വനിതാ ടീം പരിശീലക

Saturday 02 July 2022 10:27 PM IST

ഡബ്ലിൻ: കളിക്കുന്ന കാലത്ത് താൻ പലതവണ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് ഐറീഷ് വനിതാ ഫുട്ബാൾ ടീം കോച്ചും മുൻ ഡച്ച് താരവുമായിരുന്ന വെറ പാവു. 35 വർഷമായി താൻ ഒളിച്ചുവച്ചിരുന്ന രഹസ്യം വെളിപ്പെടുത്തുകയാണെന്ന് പറഞ്ഞാണ് ഫുട്ബാൾ താരമായ സമയത്ത് ഡച്ച് ഫുട്ബാളിലെ ഒരു സുപ്രധാന വ്യക്തിയിൽ നിന്നും മറ്റ് രണ്ട് പേരിൽ നിന്നും ലൈംഗീകാതിക്രമത്തിന് ഇരയായ കാര്യം വെറ പാവു തന്റെ ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തത്.

1984 മുതൽ 98 വരെ ഹോളണ്ടിനായി 89 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് വെറ. ട്വീറ്റ് വൈറലായതോടെ നിരവധിപ്പേരാണ് വെറയ്ക്ക് പിന്തുണയുമായെത്തിയത്. അയർലൻഡ്, ഡച്ച് ഫുട്ബാൾ അസോസിയേഷനുകളും വെറയ്ക്ക് പിന്തുണയറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഡച്ച് ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു.

വെറയുടെ ട്വീറ്റിൽ നിന്ന്

35 വർഷമായി ഞാൻ ഒരു രഹസ്യം ഒളിച്ചുവച്ചിരിക്കുകയായിരുന്നു. ലോകത്തിൽ നിന്ന്, എന്റെ കുടുംബാംഗങ്ങളിൽനിന്ന്, സഹതാരങ്ങളിൽ‌നിന്ന്, ശിഷ്യരിൽ നിന്ന്, സഹപ്രവർത്തകരിൽ നിന്ന്. എന്നിൽനിന്നുതന്നെ ഇക്കാര്യം ഞാൻ ഇതുവരെ മറച്ചുവച്ചിരിക്കുകയായിരുന്നെന്നും അംഗീകരിക്കുന്നു. യുവതാരമായിരിക്കെ പ്രധാനപ്പെട്ട ഫുട്ബാൾ ഒഫീഷ്യലിൽ നിന്ന് ബലാത്സംഗത്തിന് വിധേയയായ കാര്യം ഞാനുമായി ഏറ്റവും അടുപ്പമുണ്ടായിരുന്നവർക്ക് പോലും അറിയില്ല. പിന്നീട് മറ്റ് രണ്ട് പേർകൂടി എന്നെ പീഡിപ്പിച്ചു. ഇവർ മൂന്നു പേരും ഡച്ച് ഫുട്ബാളുമായി അടുത്ത ബന്ധമുള്ളവരായിരുന്നു.