പ്ലാസ്റ്റിക്ക് നിരോധനം പിടികൂടാൻ പ്രത്യേക സംഘം

Sunday 03 July 2022 2:27 AM IST

കോഴിക്കോട് : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം പൂർണമായി നടപ്പാക്കുന്നതിന് കോർപ്പറേഷൻ പ്രത്യേക ഹെൽത്ത് സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

മൂന്ന് സോണുകളായി തിരിച്ചു മൂന്ന് ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശുചീകരണ വിഭാഗം ജീവനക്കാർ ഡ്രൈവർമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

@ ഇന്നലെ ശക്തമായ പരിശോധന

പാളയം എം.പി. റോഡ്, ബേബി ബസാർ , ഒയാസിസ് കോംപ്ലക്‌സ് എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് മൊത്ത വിതരണ കേന്ദ്രങ്ങളിൽ ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗം പരിശോധന നടത്തി. ഇന്നത്തെ പരിശോധനയ്ക്ക് നേതൃത്വം നൽകിയത് ഹെൽത്ത് സൂപ്പർവൈസർ പി. ഷജിൽ കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ സി.ടി.കെ.മേഘനാഥൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.കെ.മനോജ്, കെ.ടി. ഷാജു എന്നിവരും നഗരസഭ ശുചീകരണ ജീവനക്കാരും പരിശോധനയിൽ പങ്കാളികളായി.

@ പിടിച്ചെടുത്ത പ്ലാസ്റ്റിക്

45 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗ്, 49 പാക്കറ്റ് ഗ്രോ ബാഗ് , 31 പാക്കറ്റ് പ്ലാസിറ്റക് കോട്ടഡ് പേപ്പർ പ്ലേറ്റ് , 75 പാക്കറ്റ് പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പർ ഗ്ലാസ് , 9 പാക്കറ്റ് പ്ലാസ്റ്റിക് സ്പൂൺ, 23 പാക്കറ്റ് പ്ലാസ്റ്റിക് സ്റ്റിക്കർ, ഒരു പാക്കറ്റ് പ്ലാസ്റ്റിക് സ്‌ട്രോ, 6 പാക്കറ്റ് പ്ലാസ്റ്റിക് ഗ്ലാസ് ലിഡ്, 40 പാക്കറ്റ് ഗാർബേജ് ബാഗ് എന്നിവ പിടിച്ചെടുത്തു. ബേബി ബസാറിൽ പ്രവർത്തിക്കുന്ന എഫ് എം ട്രേഡേഴ്‌സ്, നോവി ടോട്ടൽ പാക്കിംഗ് , ഓയാസിസ് കോമ്പൗണ്ടിലെ ഷാലിമാർ ഏജൻസിസ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ആദ്യ തവണ 10000 രൂപയും കുറ്റം ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാം തവണ 50000 രൂപ പിഴയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്ത് അടച്ചുപൂട്ടുന്നതിനുമാണ് സർക്കാർ ഉത്തരവ്.

" വരും ദിവസങ്ങളിലും കർശന പരിശോധന നടത്തും. സർക്കാർ നിരോധിച്ച ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും ഉപയോഗവും തടയുന്നതിന് കൃത്യമായി പ്രവർത്തനം നടത്തും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് പൊതുജനങ്ങൾ ഒഴിഞ്ഞു നിൽക്കണം" . കെ.യു.ബിനി, കോർപ്പറേഷൻ സെക്രട്ടറി.

Advertisement
Advertisement