പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്താൻ തീരുമാനം

Sunday 03 July 2022 12:54 AM IST

വടക്കഞ്ചേരി: തൃശൂർ- പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്താൻ തീരുമാനം. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നാൽ വാഹനങ്ങൾ 10 മുതൽ 40 രൂപ വരെ ഒരു ട്രിപ്പിന് അധികം നൽകേണ്ടി വരും. ബസുകളുടെ ടോൾ നിരക്ക് 310,465 എന്ന തോതിലാകും. കാർ, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോർ വെഹിക്കിൾസിംഗിൾ യാത്രയ്ക്ക് 100 രൂപയും റിട്ടേൺ ഉൾപ്പെടെ 150 രൂപയുമാകും. പുതുക്കിയ നിരക്ക് രണ്ട് ദിവസത്തിനുള്ളിൽ നടപ്പാക്കുമെന്ന് കരാർ കമ്പനി അറിയിച്ചു. ടോൾ നിരക്ക് കുറച്ചതിനെതിരെ കരാർ കമ്പനി നൽകിയ അപ്പീലിൽ കമ്പനിക്ക് അനുകൂലമായ ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

മുമ്പ് കാർ, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോർ വെഹിക്കിൾ സിംഗിൾ യാത്രയ്ക്ക് 90 രൂപയും റിട്ടേൺ ഉൾപ്പെടെ 135 രൂപയുമാണ് ഈടാക്കിയിരുന്നത്. ബസുകൾക്ക് ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 280 രൂപയും റിട്ടേൺ ഉൾപ്പെടെ 425 രൂപയുമാണ് നിലവിൽ ഈടാക്കിവരുന്നത്. മാർച്ച് ഒമ്പതിന് ടോൾ പിരിവ് ആരംഭിച്ച കരാർ കമ്പനി ഏപ്രിൽ ഒന്ന് മുതൽ നിരക്ക് വർദ്ധിപ്പിക്കുകയായിരുന്നു. എന്നാൽ ഇത് മേയ് 27ന് കോടതി റദ്ദാക്കി പഴയ നിരക്കിൽ പിരിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് വെള്ളിയാഴ്ച വന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നത്. കോടതി ഉത്തരവ് രേഖാമൂലം കിട്ടിയാൽ ഉടൻതന്നെ കൂട്ടിയ നിരക്കിൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. ഇതിനിടെ അമിത ടോൾ നിരക്കിനെതിരെ ബസ് ഉടമകൾ കോടതിയിൽ സമർപ്പിച്ച ഹർജി ഈ മാസം ആറിന് പരിഗണിക്കും.

പന്നിയങ്കരയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നതിനെതിരെ നേരത്തെ സ്വകാര്യ ബസുകൾ രംഗത്തെത്തിയിരുന്നു. വൻ തുക നൽകി കടന്നുപോകുന്നത് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നായിരുന്നു ബസ് ഉടമകളുടെ വാദം. പണിമുടക്കിയും സർവീസ് അവസാനിപ്പിച്ചും സ്വകാര്യ ബസുകൾ പ്രതിഷേധിച്ചിരുന്നു.

Advertisement
Advertisement