ഇറാനിൽ വൻഭൂചലനം,​ അഞ്ച് മരണം,​ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം യു എ ഇയിലും

Saturday 02 July 2022 10:56 PM IST

ടെഹ്‌റാൻ: ഇറാനിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ ഭൂചലനത്തിൽ അഞ്ച് മരണം. ഭൂകമ്പത്തിൽ 44 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു . തെക്കൻ ഇറാനി ഇന്ന് പുലർച്ചെ 1.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. അഞ്ച് തവണയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.2 മുതൽ 6.3 വരെയാമ് തീവ്രത രേഖപ്പെടുത്തിയത്.

.ഭൂകമ്പ കേന്ദ്രമായ തെക്കൻ തുറമുഖ നഗരമായ ബന്ദർഇ ലെംഗെക്ക് സമീപം നാല് വ്യത്യസ്ത ഭൂചലനങ്ങൾ രേഖപ്പെടുത്തി ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ പന്ത്രണ്ട് ഗ്രാമങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. നിരവധി വീടുകൾ തകർന്ന സയേഖോഷ് ഗ്രാമത്തിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ സംഭവിച്ചതെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഔട്ട്‌ലെറ്റ് ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.ഭൂചലനത്തെ തുടർന്ന് അഞ്ച് ഗ്രാമങ്ങളിൽ വൈദ്യുതിവിതരണം തടസപ്പെട്ടതായും അധികൃതർ അറിയിച്ചു. നിലവിൽ, 75 രക്ഷാപ്രവർത്തന സേനകളും എമർജൻസി ടീമുകളും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ 12 ഓളം രക്ഷാവാഹനങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഇറാന്റെ റെഡ് ക്രസന്റ് സൊസൈറ്റി ട്വിറ്ററിൽ കുറിച്ചു

ഭൂകമ്പത്തിന്റെ പ്രകമ്പനം യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ടു. ബഹ്‌റൈൻ, സൗദി അറേബ്യ, ഇറാൻ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അതേസമയം ഗൾഫിൽ എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ചയും ഇറാനിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തെക്കൻ ഇറാനിലെ കിഷ് ദ്വീപിൽ നിന്ന് 30 കിലോമീറ്റർ അകലെ വടക്ക് കിഴക്കൻ മേഖലയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ 1000 ഓളം പേർ മരിക്കുകയും 1500 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.