പൊലീസ് വണ്ടി ഓടിക്കാൻ ബി.ടെക്, ബി.എഡുകാർ
തിരുവനന്തപുരം: എൻജിനിയറിംഗ് ബിരുദമുള്ളവർ അഞ്ച്, ബി.എഡുകാർ രണ്ട്, ബിരുദധാരികൾ 36, ഡിപ്ലോമ യോഗ്യതയുള്ളവർ 13, സ്‌പെഷ്യൽ ആംഡ് പൊലീസ്, മലബാർ സ്‌പെഷ്യൽ ബറ്റാലിയനുകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കി ഇന്നലെ സേനയുടെ ഭാഗമായ ഡ്രൈവർ കോൺസ്റ്റബിൾമാരുടെ യോഗ്യതയാണിത്. 99 പേരാണ് ഇന്നലെ സേനയുടെ ഭാഗമായത്.
പ്ലസ്ടുവും ഹെവി ഡ്രൈവിംഗ് ലൈസൻസുമായിരുന്നു യോഗ്യത. എസ്.എ.പി ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്റി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. ഡി.ജി.പി അനിൽകാന്ത്, ബറ്റാലിയൻ എ.ഡി.ജി.പി കെ. പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളാണ് ആറ് മാസത്തെ അടിസ്ഥാനപരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. പുതുതലമുറ വാഹനങ്ങളുടെ ഉപയോഗം, പരിപാലനം, വി.വി.ഐ.പി സുരക്ഷാ ഡ്യൂട്ടി, എസ്‌കോർട്ട് ഡ്യൂട്ടി എന്നിവയിലും പരിശീലനം നൽകി.
സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്ന് പ്രവീൺ, ശരത്, ബിനുരാജ് എന്നിവർ യഥാക്രമം ബെസ്റ്റ് ഔട്ട്‌ഡോർ, ബെസ്റ്റ് ഇൻഡോർ, ബെസ്റ്റ് ഷൂട്ടർ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടു. മലബാർ സ്‌പെഷ്യൽ പൊലീസിലെ അനന്ദുബാബു, മിഥുൻ, സജിത്ത്ലാൽ എന്നിവർ യഥാക്രമം ബെസ്റ്റ് ഔട്ട്‌ഡോർ, ബെസ്റ്റ് ഇൻഡോർ, ബെസ്റ്റ് ഷൂട്ടർ ബഹുമതികൾ നേടി. ഇവർക്കുള്ള ട്രോഫികൾ മുഖ്യമന്ത്രി വിതരണം ചെയ്തു.