അങ്കണവാടിയ്ക്ക് പുതുജീവൻ നൽകി വിദ്യാർത്ഥികൾ

Sunday 03 July 2022 12:25 AM IST

മൂവാറ്റുപുഴ: മാറാടി ഗ്രാമ പഞ്ചായത്തിലെ 82-ാം നമ്പർ സെൻട്രൽ മാറാടി അങ്കണവാടി നവീകരിച്ച് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഏവർക്കും മാതൃകതീർത്തു. നാഷണൽ സർവീസ് സ്കീം ശ്രേഷ്ഠ ബാല്യം പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ അങ്കണവാടി നവീകരിച്ചത്.

അങ്കണവാടിയുടെ നിറം മങ്ങിയ ചുവരുകളും ഫർണിച്ചറുകളും ചായമടിച്ച് മനോഹരമാക്കിയതടക്കമുള്ള നവീകരണ പ്രവൃത്തികളാണ് വിദ്യാർത്ഥികൾ നടത്തിയത്. കേടുപാടുകൾ സംഭവിച്ച ലൈറ്റിലെയും ഫാനിലെയും പ്ലംബിംഗ് വർക്കുകളിലെയും പ്രശ്നങ്ങൾ വിദ്യാർത്ഥികൾ പരിഹരിച്ചു. അഡോളസെന്റ് ഗേൾസ് ക്ലബ്ബായ വർണ്ണക്കൂട്ടിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ചാർട്ടുകളും കൈയെഴുത്ത് മാസിക തയാറാക്കാനുള്ള ആദ്യ സൃഷ്ടിയും ഡോണാഡേവിഡിൽ നിന്നും സ്വീകരിച്ചു. വായന പ്രോത്സാഹിപ്പിക്കാൻ പുസ്തക ചുവർ തയാറാക്കി. കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ അമ്മയ്ക്കൊരു സമ്മാനം എന്ന കോയിൻബോക്സ് പദ്ധതിയ്ക്കും തുടക്കം കുറിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തുളസി, കറ്റാർവാഴ, പനി കൂർക്ക, കുടങ്ങൽ, കയ്യോന്നി, എള്ള് തുടങ്ങിയവ ഉൾപ്പെടുത്തി പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് വീടുകളിൽ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും എത്തിച്ചിരുന്നു. കൂടാതെ ഓൺലൈൻ കൗൺസിലിംഗ് ക്ലാസുകളും ലൈഫ് സ്കിൽ പരിശീലന പരിപാടികളും നടത്തിയിരുന്നു. ബോട്ടിൽ ആർട്ട്, ബലൂൺ ആർട്ട് , പേപ്പർ കാരി ബാഗ്, എള്ള് ഭക്ഷ്യ മേള തുടങ്ങിയവയും സംഘടിപ്പിക്കുകയുണ്ടായി. നവീകരിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജിജോ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് എറണാകുളം ജില്ലാ പ്രോഗ്രാം ഓഫീസർ കെ.ബി. സൈന മുഖ്യാതിഥിയായി. മൂവാറ്റുപുഴ അഡിഷണൽ ഐ.സി.ഡി.എസ് സി.ഡി.പി. ഒ പിങ്കി കെ.അഗസ്റ്റിൻ, സൂപ്പർവൈസർ ടി.ഇ ഹുമൈബാൻ, പഞ്ചായത്ത് അംഗങ്ങളായ പി.പി. ജോളി, രതീഷ് ചങ്ങാലിമറ്റം, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ഹണി വർഗീസ്, മാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഹെഡ്മാസ്റ്റർ എ.എ.അജയൻ, പി.ടി.എ. പ്രസിഡന്റ് സിനിജ സനിൽ, മദർ പി.ടി എ ചെയർപേഴ്സൺ ഷർജ സുധീർ, വികസന സമിതി ചെയർമാൻ ടി.വി അവിരാച്ചൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി. സമീർ സിദ്ദീഖി, എ.എൽ.എം.സി അംഗം ആലീസ്, രതീഷ് വിജയൻ, അങ്കണവാടി ടീച്ചർ ചന്ദ്രിക, ഹെൽപ്പർ സിന്ധു പി. വാസു തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement