KLRY കടയിരുപ്പ് ഇൻഡോർ സ്റ്റേഡിയം ഇന്ന് തുറക്കും

Sunday 03 July 2022 12:27 AM IST

കോലഞ്ചേരി: കടയിരിപ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഇൻഡോർ സ്​റ്റേഡിയം ഇന്ന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാലയത്തിലെ കുട്ടികൾക്ക് കായികമേഖലയിൽ നൂതന പരിശീലനം ലഭ്യമാക്കുന്നതിനാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ മൾട്ടിപർപ്പസ് ഇൻഡോർ സ്​റ്റേഡിയം സിന്തൈറ്റ് ഗ്രൂപ്പ് നിർമ്മിച്ചുനൽകിയത്.

12,000 ചതുരശ്രഅടി വിസ്തൃതിയുള്ള സ്റ്റേ​ഡിയത്തിൽ ബാസ്‌ക​റ്റ്ബാൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നിസ് കോർട്ടുകളും സ്‌കേ​റ്റിംഗ് പരിശീലനത്തിന് അടക്കമുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചാണ് രൂപകല്പന. കായിക പരിശീലനത്തിന് ഏറെ സഹായകമായ വി.ഡി.എഫ് സാങ്കേതിക വിദ്യയിലാണ് കളിക്കളങ്ങളുടെ പ്രതലം പൂർത്തീകരിച്ചിരിക്കുന്നത്. 2000 പേർക്ക് ഇരിപ്പിട സൗകര്യമുണ്ട്. ഒരുകോടി രൂപ ചെലവിട്ടാണ് സിന്തൈ​റ്റ് ഗ്രൂപ്പ് സ്ഥാപകനും സ്‌കൂൾ വെൽഫയർ കമ്മി​റ്റി ചെയർമാനുമായിരുന്ന സി.വി. ജേക്കബിന്റെ സ്മരണാർത്ഥം സ്റ്റേഡിയം സ്ഥാപിച്ചത്. ​സി.വിയുടെ ഭാര്യ ഏലിയാമ്മ സ്റ്റേഡിയം ജേക്കബ് ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലത്തിലെ എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള പി.വി. ശ്രീനിജിൻ എം.എൽ.എയുടെ അവാർഡ് വിതരണവും നടക്കും. ജില്ലാ കളക്ടർ ജാഫർ മാലിക് മുഖ്യാതിഥിയാകും.