സ്വർണക്കടത്തിൽ അന്വേഷണം വേണം: സംസ്ഥാന വ്യാപകമായി യു.ഡി.എഫ് മാർച്ച്

Sunday 03 July 2022 1:34 AM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും ജില്ലകളിൽ കളക്ടറേറ്റുകളിലേക്കും മാർച്ചും ധർണയും സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ പരിപാടിയുള്ളതിനാൽ മലപ്പുറത്തെ മാർച്ച് നാലിലേക്ക് മാറ്റി. വയനാട്ടിലെ തീയതി പിന്നീട് തീരുമാനിക്കും.

സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. സെക്രട്ടേറിയറ്റ് മാർച്ച് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും, ഇടുക്കിയിൽ പി.ജെ. ജോസഫും, കൊല്ലത്ത് രമേശ് ചെന്നിത്തലയും മാർച്ച് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡോ. എം.കെ. മുനീർ, കാസർകോട്ട് എൻ.എ. നെല്ലിക്കുന്ന്, ആലപ്പുഴയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പാലക്കാട്ട് ബെന്നി ബെഹനാൻ എം.പി, പത്തനംതിട്ടയിൽ സി.പി. ജോൺ, കണ്ണൂരിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി എന്നിവർ മാർച്ച് ഉദ്ഘാടനം ചെയ്‌തു.

അനൂപ് ജേക്കബ് എം.എൽ.എ എറണാകുളത്തും, മാണി സി. കാപ്പൻ കോട്ടയത്തും ജി. ദേവരാജൻ കോഴിക്കോട്ടും ജോൺ ജോൺ പാലക്കാട്ടും മുഖ്യപ്രഭാഷണം നടത്തി. അഡ്വ. രാജൻബാബു എറണാകുളത്തെ മാർച്ചിൽ പങ്കെടുത്തു.