നാടൻ കോഴിമുട്ടയ്ക്കും തമിഴ്നാട് അപരൻ!

Sunday 03 July 2022 1:35 AM IST

കൊല്ലം: നാടൻ കോഴിമുട്ടയുടെ ഡിമാൻഡ് വർദ്ധിച്ചതോടെ വിപണിയിൽ തമിഴ്നാട്ടിൽ നിന്നുള്ള വ്യാജമുട്ടകൾ നിറയുന്നു. തമിഴ്‍നാട് നാമക്കലിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും മുട്ട എത്തുന്നത്.

വെള്ളനിറമുള്ള ലഗോൺ കോഴിമുട്ടയ്ക്ക് ഇപ്പോൾ ചില്ലറ വില്പന വില 7.50 രൂപയാണ്. എന്നാൽ തവിട്ട് നിറമുള്ള നാടൻ കോഴിമുട്ടയ്ക്ക് ഡിമാൻഡ് കൂടുതലാണ്. ലഭ്യത കുറവായതിനാൽ പത്ത് രൂപയോളം നൽകണം.

എന്നാൽ നാടൻ കോഴിമുട്ടയുടെ നിറത്തിലും വലിപ്പത്തിലുമുള്ള വ്യാജമുട്ടകളും വിപണിയിൽ ലഭ്യമാണ്. ഹോർമോണും മറ്റും കുത്തിവച്ച് വളർത്തുന്ന കോഴികളിൽ നിന്നാണ് ഇത്തരം മുട്ടകൾ ശേഖരിക്കുന്നത്.

ചെറുകിട വ്യാപാരികൾ വ്യാജമുട്ട വില്പനയ്ക്കാണ് താത്പര്യം കാട്ടുന്നത്. നാടൻ കോഴിമുട്ട ലഭിക്കുന്നതിനേക്കാൾ വിലകുറച്ച് ലഭിക്കുകയും നാടന്റെ അതേ വിലയ്ക്ക് വിൽക്കുകയും ചെയ്യാമെന്നതിനാൽ ഒരു മുട്ടയ്ക്ക് രണ്ടര രൂപയിലധികം ലാഭം ലഭിക്കും. വ്യാജമുട്ടകൾ വിപണി നിറഞ്ഞതോടെ നാടൻ കോഴിവളർത്തൽ കർഷകരും പ്രതിസന്ധിയിലായി.

കൂകിത്തെളിയാൻ ഹോർമോൺ കോഴികൾ

1. കോഴികളിൽ ഹോർമോൺ കുത്തിവച്ചാണ് ഇത്തരം മുട്ടകൾ ഉത്പാദിപ്പിക്കുന്നത്

2. കയറ്റുമതി ചെയ്യുന്ന മുട്ടകൾക്ക് നിശ്ചിത തൂക്കം വേണ്ടതിനാൽ തരംതിരിച്ച് മാറ്റുന്ന മുട്ടകളാണ് കേരളത്തിലേക്ക് കയറ്റിയയ്ക്കുന്നത്

3. നാടൻ മുട്ടയ്ക്ക് ശരാശരി 45 ഗ്രാമാണ് തൂക്കം

4. തൂക്കം കുറവുള്ള മുട്ടകളിൽ രാസവസ്തുക്കൾ, ചായപ്പൊടിയുടെ കറ എന്നിവയുപയോഗിച്ച് നിറം നൽകും

5. തവിട്ട് നിറം ലഭിക്കാൻ പോർഫിറിൻ എന്ന പിഗ്മന്റും നിക്ഷേപിക്കാറുണ്ട്

നാടൻ കോഴിവളർത്തൽ പെരുവഴിയിൽ

1. വില വർദ്ധിച്ചിട്ടും നാടൻ മുട്ടയ്ക്ക് ഡിമാൻഡ് കൂടുതൽ

2. കുറഞ്ഞ മുതൽമുടക്കിൽ നാടൻ കോഴിവളർത്തൽ വ്യാപകം

3. കോഴിത്തീ​റ്റ വില വർദ്ധനവും വ്യാജമുട്ടയും കർഷകർക്ക് തിരിച്ചടി

4. 50 കിലോ കോഴിത്തീ​റ്റയ്ക്ക് ഇപ്പോൾ 1430 - 1560 രൂപ

5. കർഷകർ കോഴി വളർത്തലിൽ നിന്ന് പിൻവാങ്ങുന്നു

വെള്ള ലഗോൺ മുട്ട

മൊത്തവില ₹ 4.19

ചില്ലറ വില - ₹ 7 - 8

രണ്ടാഴ്ച മുമ്പ്‌ ₹ 6.50

നാടൻ മുട്ട

പ്രാദേശിക വിപണി ₹ 6.50 - 8

ചെറുകിട കച്ചവടക്കാർ ₹ 8 - 10

തമിഴ്‌നാട് മുട്ട

വ്യാപാരികൾക്ക് ലഭിക്കുന്നത് ₹ 4 - 5

മൊത്ത വില ₹ 5 - 6

ചില്ലറ വില ₹ 8 - 9.50

നാടൻ കോഴിമുട്ട ലഭ്യത കുറഞ്ഞത് വ്യാജമുട്ടകളുടെ സ്വാധീനം വർദ്ധിപ്പിച്ചു. വിപണിയിൽ ഇടപെടാൻ അധികൃതർ തയ്യാറാകുന്നില്ല.

കർഷകർ

Advertisement
Advertisement