പി സി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാൻ; ജോർജിന്റെ ആരോപണങ്ങളെ അവഗണിക്കാൻ തീരുമാനിച്ച് സിപിഎം

Sunday 03 July 2022 11:45 AM IST

തിരുവനന്തപുരം: ലൈംഗിക പീഡനാരോപണത്തിൽ അറസ്‌റ്റിലായ ശേഷം പുറത്തുവന്ന ജനപക്ഷം നേതാവ് പി.സി ജോർജ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടെന്ന് സിപിഎമ്മിൽ ധാരണ. ജോർജിന്റെ ലക്ഷ്യം മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാനാണ്. അതിനാൽ ആരോപണങ്ങളെ അവഗണിക്കാനാണ് പാർട്ടി തീരുമാനം. ജോർജിന്റെ പ്രകോപനത്തിൽ വീഴേണ്ടെന്നും എന്നാൽ ആരോപണം യുഡിഎഫ് ഉന്നയിച്ചാൽ അപ്പോൾ പ്രതികരിക്കുന്നത് ആലോചിക്കാമെന്നുമാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.

പി.സി ജോർജ് ഉന്നയിച്ച ആരോപണത്തിൽ തെളിവുണ്ടെങ്കിൽ കൊടുക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ജോർജിന്റെ അറസ്‌റ്റിൽ രാഷ്‌ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പീഡനപരാതിയിലെ അറസ്റ്റിനും ജാമ്യത്തിനും പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ എംഎൽഎ പി സി ജോർജ് ഇന്ന് രംഗത്തുവന്നിരുന്നു. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വലിയൊരു സാമ്പത്തിക റാക്കറ്റിന്റെ പങ്കാളികളാണ് മുഖ്യമന്ത്രിയും മകളുമെന്നാണ് ജോർജ് ആരോപണം ഉന്നയിച്ചത്.

'പിണറായി വിജയൻ വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. പിന്നാലെ മകൾ വീണാ വിജയനും ഈ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. വലിയൊരു സാമ്പത്തിക കൊള്ളസംഘത്തിന്റെ ഭാഗമാണ് ഇരുവരും. പിണറായിയുടെയും മകളുടെയും യാത്രകൾ ഇഡി അന്വേഷിക്കണം. ഇക്കാര്യം പുറത്തുപറയുന്നവരെ ശരിപ്പെടുത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്.' ജോർജ് പറഞ്ഞു. താമസിയാതെ അഭിഭാഷകനുമായി സംസാരിച്ച് മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ വലിയൊരു തുകയ്ക്ക് മാനനഷ്ടക്കേസ് നൽകുമെന്നും ജോർജ് പ്രതികരിച്ചിരുന്നു.