കുലുക്കിയാൽ കുലുങ്ങുന്ന സർക്കാരല്ല ഇപ്പോൾ കേരളം ഭരിക്കുന്നത്, വികസനം നടപ്പാക്കുന്നത് ട്രോഫി നേടാനല്ലെന്ന് റിയാസ്

Sunday 03 July 2022 11:48 AM IST

കോഴിക്കോട്: കുലുക്കിയാൽ കുലുങ്ങുന്ന സർക്കാരല്ല ഇപ്പോൾ കേരളത്തിൽ ഭരണം നടത്തുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സർക്കാരിന് നേരെ ഉയരുന്ന വിമർശനങ്ങളോട് പരോക്ഷമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'വികസനപ്രവർത്തനവുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ എല്ലാ നിലയിലുമുള്ള സന്തോഷം പങ്കുവയ്‌ക്കുന്നത് ഈ നാട്ടിലെ പൗരന്മാരാണ്. അങ്ങനെ മുന്നോട്ട് പോകുമ്പോൾ വിവാദങ്ങളുണ്ടാക്കി സർക്കാരിനെ ഒന്ന് കുലുക്കി വികസനപ്രവർത്തനത്തെ മെല്ലെപോക്കാക്കി മാറ്റാമെന്ന് ആരെങ്കിലും ഒന്ന് കരുതിയാൽ, അങ്ങനെ കുലുങ്ങിയാൽ കുലുങ്ങി വീഴുന്ന ഒരു സർക്കാരല്ല കേരളത്തിൽ ഇന്ന് ഭരണം നടത്തുന്നത്.

ഏതെങ്കിലും പ്രത്യേക ആളെ നോക്കിയിട്ടല്ല പറയുന്നത്, പൊതുവായി പറഞ്ഞതാണ്. ട്രോഫി നേടാനല്ല വികസനം നടപ്പാക്കുന്നത്'- മന്ത്രി കോഴിക്കോട്ട് പറഞ്ഞു

നേരത്തെ എ.കെ.ജി സെന്ററിനെതിരായ ബോംബാക്രമണം കേരളത്തിന്റെ ക്രമസമാധാനം തകർക്കാനുള്ള ശ്രമമാണെന്ന് മന്ത്രി ആരോപിച്ചിരുന്നു. കോൺ​ഗ്രസും ബി.ജെ.പിയും കേരളത്തിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞിരുന്നു.