കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്രയ്ക്ക് ആവേശം പകരാൻ ബസിന് മുകളിൽ പൂത്തിരി കത്തിച്ച് അഭ്യാസപ്രകടനം, ഒടുവിൽ ബസിന് തീപിടിച്ചു
കൊല്ലം: വിനോദയാത്ര പുറപ്പെടും മുൻപ് കുട്ടികളെ ആവേശത്തിലാക്കാനായി ബസിന് മുകളിൽ നടത്തിയ അഭ്യാസപ്രകടനം അപകടത്തിൽ കലാശിച്ചു. രണ്ട് വലിയ പൂത്തിരി യാത്ര പുറപ്പെടുന്നതിന് മുൻപ് ബസിന് മുകളിൽ വച്ച് കത്തിച്ചു. പിന്നാലെ പൂത്തിരിയിൽ നിന്ന് ബസിലേയ്ക്ക് തീ പടർന്നു. ജീവനക്കാരൻ ബസിന് മുകളിൽ കയറി തീയണച്ചതിനാൽ തലനാരിഴയ്ക്ക് വലിയൊരു ദുരന്തം ഒഴിവായി.
കഴിഞ്ഞ മാസം 26ന് കൊല്ലം പെരുമൺ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം നടന്നത്. മെക്കാനിക്കൽ വിഭാഗത്തിലെ കുട്ടികൾആറ് ദിവസത്തെ വിനോദയാത്രയ്ക്കായി മൂന്ന് ബസുകളാണ് ബുക്ക് ചെയ്‌തത്. ഇതിൽ ഒരെണ്ണത്തിന്റെ മുകളിലാണ് പൂത്തിരി കത്തിച്ചത്.
സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചു. ബസ് ജീവനക്കാരുടെ അനാസ്ഥയാണിതെന്നും അവരാണ് പൂത്തിരി കത്തിച്ചതെന്നും കോളേജ് അധികൃതർ പറഞ്ഞു. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.