₹100 കോടിക്കുമേലുള്ള ബാങ്കിംഗ് തട്ടിപ്പുകളിൽ വൻ കുറവ്

Monday 04 July 2022 3:26 AM IST

ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളിൽ 100 കോടി രൂപയ്ക്കുമേലുള്ള ബാങ്കിംഗ് തട്ടിപ്പുകൾ കേസുകൾ കഴിഞ്ഞവർഷം (2021-22)​ വൻതോതിൽ കുറഞ്ഞു. തട്ടിപ്പുമൂല്യത്തിലും വലിയകുറവുണ്ട്. പൊതു,​ സ്വകാര്യബാങ്കുകൾ ചേർന്ന് കഴിഞ്ഞവർഷം 41,​000 കോടി രൂപയുടെ 118 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 2020-21ൽ ഇത് 265 കേസുകളിലായി 1.05 ലക്ഷംകോടി രൂപയായിരുന്നു.

പൊതുമേഖലാ ബാങ്കുകളിലെ കേസുകൾ 167ൽ നിന്ന് 80ലേക്കും സ്വകാര്യ ബാങ്കുകളിലേത് 98ൽ നിന്ന് 38ലേക്കുമാണ് കുറഞ്ഞതെന്ന് റിസർവ് ബാങ്കിന്റെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പുമൂല്യം 65,​900 കോടി രൂപയിൽ നിന്ന് 28,​000 കോടി രൂപയിലേക്കും സ്വകാര്യ ബാങ്കുകളിലേത് 39,900 കോടി രൂപയിൽ നിന്ന് 13,​000 കോടി രൂപയിലേക്കും കുറഞ്ഞു.

വാധവാന്മാരുടെ

വമ്പൻ തട്ടിപ്പ്

യൂണിയൻ ബാങ്ക് നയിക്കുന്ന 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 34,​615 കോടി രൂപ തട്ടിച്ചതിന് ഡി.എച്ച്.എഫ്.എൽ പ്രമോട്ടർമാരായ കപിൽ വാധവാൻ,​ ധീരജ് വാധവാൻ തുടങ്ങിയവർക്കെതിരെ സി.ബി.ഐ കഴിഞ്ഞമാസം കേസെടുത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പാണിത്. 2010-18 കാലയളവിൽ 42,​871 കോടി രൂപ വായ്‌പയെടുത്ത് തിരിമറി നടത്തുകയും 2019 മേയ്ക്കുശേഷം തിരിച്ചടയ്ക്കാതെയുമായിരുന്നു തട്ടിപ്പ്.

Advertisement
Advertisement