ഉടനെത്തും കേരളത്തിന്റെ സ്വന്തം പത്രക്കടലാസ്

Monday 04 July 2022 3:16 AM IST

 കേരള പേപ്പർ പ്രൊഡക്‌ട്സ് ഉത്പാദനസജ്ജം

കോട്ടയം: കേന്ദ്രത്തിൽ നിന്ന് കേരളം ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച വെള്ളൂർ കേരള പേപ്പർ പ്രൊഡക്‌ട്സ് ലിമിറ്റഡിൽ (കെ.പി.പി.എൽ) വ്യാവസായിക അടിസ്ഥാനത്തിലെ ഉത്പാദനം ഒക്ടോബറിൽ തുടങ്ങും. ജനുവരിയിൽ പുതിയ കമ്പനി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും പേപ്പർ മെഷീൻ പ്ലാന്റ്, ഡി ഇങ്കിംഗ് പ്ലാന്റ്, പവർ ബോയിലർ പ്ലാന്റുകൾ എന്നിവ ഉത്പാദനസജ്ജമായത് ഇപ്പോഴാണ്.

വൈദ്യുതിക്ക് രണ്ടുഘട്ട കരാറുകൾക്ക് ധാരണയായി. സെപ്തംബറിന് മുമ്പ് വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ലഭിക്കും. പത്രക്കടലാസിന് ആവശ്യമായ മരം ലഭ്യമാക്കാൻ വനംവകുപ്പുമായും ധാരണയിലെത്തി. തിരുവനന്തപുരം, തൃശൂർ ഡിവിഷനുകളിൽ നിന്നായി 24,000 മെട്രിക് ടൺ മരമാണ് സെപ്തംബറിൽ എത്തിക്കുക.

പാഴ്ക്കടലാസുകൾ വെള്ളൂരിലേക്ക്

സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവിടങ്ങളിലെ മുഴുവൻ പാഴ്ക്കടലാസുകളും അസംസ്‌കൃതവസ്തുവാകും. ഇതിന് പുറമേ മരം ലഭ്യമാക്കാനുള്ള കാലതാമസം ഒഴിവാക്കാൻ സർക്കാർ ഭൂമി പാട്ടത്തിനെടുത്ത് പൾപ്പ് നിർമ്മാണത്തിനുള്ള യൂക്കാലി‌പ്റ്റസ്, പൈൻ, മാഞ്ചിയം തുടങ്ങിയ മരങ്ങൾ നടും.

'' ആദ്യഘട്ടത്തിൽ പത്രക്കടലാസും പിന്നീട് ടിഷ്യുപേപ്പർ ഉൾപ്പെടെയുള്ള പ്രീമിയം ഉത്പന്നങ്ങളുടെ നിർമ്മാണവും ആരംഭിക്കും. കമ്പനി 3,​200 കോടി രൂപ വിറ്റുവരവുള്ള മുൻനിര സ്ഥാപനമായി മാറുമെന്നാണ് പ്രതീക്ഷ""

മന്ത്രി പി.രാജീവ് (കമ്പനി ഏറ്റെടുത്തപ്പോൾ പറഞ്ഞത്)