'സ്വർണ വ്യാപാരമേഖലയിലെ നികുതി വരുമാനം കൂട്ടണം"

Monday 04 July 2022 3:41 AM IST

കൊച്ചി: സ്വർണ വ്യാപാരമേഖലയിലെ നികുതിവരുമാനം കൂട്ടണമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടു. ഇ-വേ ബിൽ പരിധി ഉയർത്തണമെന്ന സ്വർണമേഖലയുടെ ആവശ്യം ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിക്കും. ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനം സർക്കാരിനില്ല. നികുതി ഉദ്യോഗസ്ഥരുടെ പുനഃസംഘടനയോടെ വ്യാപാരികളുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

അങ്കമാലിയിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ)​ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ കൂട്ടിയത് സർക്കാരിന് നേട്ടമാണ്. സ്വർണക്കള്ളക്കടത്ത് തടയാനുള്ള നടപടികൾ ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ,​ ട്രഷറർ അഡ്വ.എസ്.അബ്ദുൽനാസർ തുടങ്ങിയവർ സംസാരിച്ചു. അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ എ.കെ.ജി.എസ്.എം.എ ഒരുക്കിയ കേരള ഇന്റർനാഷണൽ ജുവലറി ഫെയറും മന്ത്രി സന്ദർശിച്ചു. ഫെയർ ഇന്ന് സമാപിക്കും.

വാറ്റ് കുടിശിക എഴുതിത്തള്ളുക,​ സ്വർണമേഖലയിൽ ഇ-വേ ബിൽ നടപ്പാക്കാതിരിക്കുക,​ വ്യാപാരികളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കുക തുടങ്ങിയവ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. സ്വർണ നിർമ്മാണമേഖലയെ ഒരുകുടക്കീഴിലാക്കാൻ ജുവലറി പാർക്ക് സ്ഥാപിക്കുന്നത് പരിഗണിക്കാനും സമ്മേളനം തീരുമാനിച്ചു.