മുൻ ഇന്ത്യൻ ഗോൾ കീപ്പർ സുധീർ അന്തരിച്ചു

Sunday 03 July 2022 10:24 PM IST

തിരുവനന്തപുരം : മുൻ ഇന്ത്യൻ ഫുട്ബാൾ ഗോൾ കീപ്പറും മലയാളിയുമായ ഇ.എൻ സുധീർ ഗോവയിൽ അന്തരിച്ചു. അഞ്ചുവർഷം ഇന്ത്യൻ ടീമിനുവേണ്ടി വലകാത്ത സുധീർ കേരളം,മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങൾക്ക് വേണ്ടി വിവിധ ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്‌സ് സ്‌കൂളിന് വേണ്ടി കളിച്ചുകൊണ്ട് രംഗത്തെത്തിയ സുധീർ എക്സലന്റ്, യംഗ് ജെംസ് ക്ളബ്ബുകളിലൂടെ യംഗ് ചലഞ്ചേഴ്‌സിലെത്തിയതോടെയാണ് ശ്രദ്ധയാകർഷിക്കുന്നത്. അഖിലേന്ത്യാ ഇന്റർ വാഴ്സിറ്റി റണ്ണേഴ്‌സപ്പായ മൈസൂർ യൂണിവേഴ്സിറ്റി ടീമംഗമായിരുന്നു.

ചലഞ്ചേഴ്‌സിൽ നിന്ന് 1971 ലാണ് സുധീർ വാസ്കോയിലെത്തുന്നത്. അവീന്ദറിനും ബർണാഡിനും ഡൊമിനിക്കിനും ചാത്തുണ്ണിക്കും ഒപ്പം വാസ്കോയുടെ ജൈത്രയാത്രയിൽ പങ്കാളിയായ സുധീർ 1974 ൽ മഹീന്ദ്രാസിൽ ചേർന്നു. 1975 ലെ കോഴിക്കോട് നാഷണൽസിൽ മഹാരാഷ്ട്രക്ക് വേണ്ടിയാണ് കളിച്ചത്.

1971ലെ ടോക്യോ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലാണ് ആദ്യമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്. പ്രീ ഒളിമ്പിക്സ്, മെർദേക്ക, ടെഹ്‌റാൻ ഏഷ്യൻ ഗെയിംസ് ചാംപ്യൻഷിപ്പുകളിലും ബർമ്മ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയൻ പര്യടനങ്ങളിലും ഇന്ത്യയ്ക്കായി കളിച്ചു. 1970 കളുടെ അവസാനം ഉദ്യോഗാർത്ഥം ദോഹയിലേക്ക് തിരിച്ച സുധീർ ഏറെക്കാലം ഖത്തർ ഗോവൻസ് ടീമിൽ അംഗമായിരുന്നു. വിദേശ വാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷം ഭാര്യയ്ക്കും മക്കളായ അനൂപ്, ജോക്വിൽ എന്നിവർക്കുമൊപ്പം ഗോവയിലെ മാപുസയിലായിരുന്നു താമസം..

Advertisement
Advertisement