സാന്റിയാഗോ മാർട്ടിന്റെ 173.48 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Monday 04 July 2022 12:00 AM IST

കൊച്ചി: അന്യസംസ്ഥാന ലോട്ടറി തട്ടിപ്പുകേസ് പ്രതി സാന്റിയാഗോ മാർട്ടിന്റെയും കൂട്ടാളികളുടെയും 173.48 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മാർട്ടിന്റെയും വിവിധ കമ്പനികളുടെയും പേരിൽ തമിഴ്നാട്ടിലുള്ള സ്ഥലങ്ങൾ, കെട്ടിടങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയാണ് കണ്ടുകെട്ടിയത്.

അന്യസംസ്ഥാന ലോട്ടറി തട്ടിപ്പ് സംബന്ധിച്ച് സി.ബി.ഐ കൊച്ചി യൂണിറ്റ് നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ് പ്രിവൻഷൻ ഒഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരമുള്ള നടപടി.

എം.ജെ. അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന്റെ പേരിൽ സാന്റിയാഗോ മാർട്ടിൻ, എൻ. ജയമുരുകൻ എന്നിവർ ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുകളുടെ പേരിൽ സിക്കിം സർക്കാരിന് 910,29,87,566 രൂപയുടെ നഷ്ടം വരുത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. 2009 മാർച്ചിനും 2010 ആഗസ്റ്റ് 31 നുമിടയിലാണ് തട്ടിപ്പ് നടത്തിയത്. അടിക്കാത്ത ലോട്ടറികൾക്കാണ് വ്യാജരേഖകളിലൂടെ പണം തട്ടിയെടുത്തത്.

കേരളമുൾപ്പെടെ സംസ്ഥാനങ്ങളിൽ സിക്കിം ലോട്ടറിയുടെ നടത്തിപ്പുകാരായിരുന്നു കോയമ്പത്തൂർ സ്വദേശിയായ സാന്റിയാഗോ മാർട്ടിൻ. തട്ടിപ്പിലൂടെ സമ്പാദിച്ച പണം സ്വന്തം പേരിലും കൂട്ടാളികളുടെ പേരിലും വിവിധ സ്ഥാപനങ്ങൾ രൂപീകരിച്ച് നിക്ഷേപിക്കുകയായിരുന്നു. ഇവയുടെ 153.26 കോടി രൂപ വില മതിക്കുന്ന കെട്ടിടങ്ങളും സ്ഥലങ്ങളും മാർട്ടിന്റെ ബാങ്ക് അക്കൗണ്ടുകളിൽ ശേഷിച്ചിരുന്ന 20.22 കോടി രൂപയും കണ്ടുകെട്ടി. മാർട്ടിന്റെ കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തുക്കൾ നേരത്തെ കണ്ടുകെട്ടിയിരുന്നു. ഇതുവരെ 278 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

Advertisement
Advertisement