പീഡനക്കേസ്: പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും

Monday 04 July 2022 12:18 AM IST

കൊച്ചി: പീഡനക്കേസിൽ മുൻ പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. കൊച്ചിയിൽ അഡ്വ. ബി.എ ആളൂരിനെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോടാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതൽ തെളിവുകൾ സമർപ്പിക്കും. പി.സി ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ഒളിഞ്ഞു തെളിഞ്ഞും സംസാരിക്കാതെ പരസ്യസംവാദത്തിന് പി.സി. ജോർജ് തയ്യാറാകണം. സംരക്ഷിക്കും എന്ന് തോന്നിയ സമയത്താണ് പി.സി. ജോർജ് തന്റെ മെന്ററാണെന്ന് പറഞ്ഞത്. പി.സി. ജോർജിന്റെ പെരുമാറ്റത്തെക്കുറിച്ച് തെളിവു സഹിതമാണ് പരാതി നൽകിയത്. പൊലീസ് ചുമത്തിയ വകുപ്പുകൾക്കപ്പുറം ചില കാര്യങ്ങളുണ്ട്. കേസ് താൻ നിയമപരമായി നേരിടും. ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ താനും പി.സി. ജോർജും തമ്മിൽ സംസാരിച്ചത് തന്നെയാണ്. ജോർജിന്റെ ശാരീരിക ഉപദ്രവം തടയാൻ താൻ ശ്രമിച്ചിരുന്നു. ചികിത്സയിൽ ആയിരുന്നതുകൊണ്ടാണ് പരാതി വൈകിയത്. രണ്ടാഴ്ച മുമ്പ് തന്നെ പരാതി മൊഴിയായി കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. രാഷ്ട്രീയവിവാദങ്ങളിലേക്ക് തന്നെ വലിച്ചഴയ്ക്കുകയാണ്. തന്നെ മോശക്കാരിയെന്ന് വരുത്തിത്തീർത്താലും പറയാനുള്ളത് പറയുമെന്നും അവർ പറഞ്ഞു.