പ്ളാന്റിന് സ്ഥലം കിട്ടിയാൽ ജില്ലയിലും സിറ്റി ഗ്യാസ്

Monday 04 July 2022 12:02 AM IST

 പാചകവാതകം പൈപ്പ് വഴി വീട്ടിലെത്തും

കൊല്ലം: പ്ലാന്റ് സ്ഥാപിക്കാൻ ഒരേക്കർ വീതം കിട്ടിയാൽ പാചകത്തിനുപയോഗിക്കാവുന്ന സമ്മർദ്ദിത പ്രകൃതി വാതകം പൈപ്പ് ലൈൻ വഴി ജില്ലയിലെ വീടുകളിലെത്തും. തിരുവനന്തപുരത്തും ആലപ്പുഴയിലും അടുത്ത സെപ്തംബറിൽ സിറ്റി ഗ്യാസ് പദ്ധതി കമ്മിഷൻ ചെയ്യാനിരിക്കെ ജില്ലയിൽ പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം ഇതുവരെ ലഭ്യമായില്ല.

ചവറ, കൊല്ലം നഗരം, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സിറ്റിഗ്യാസ് പദ്ധതി ലക്ഷ്യമിടുന്നത്. എറണാകുളത്ത് നിന്നു ടാങ്കർ ലോറിയിൽ എത്തിക്കുന്ന സമ്മർദ്ദിത പ്രകൃതി വാതകം സംഭരിച്ച് പൈപ്പ് ലൈൻ വഴി കടത്തിവിടുന്ന രൂപത്തിലേക്ക് മാറ്റാനുള്ള പ്ലാന്റാണ് സ്ഥാപിക്കേണ്ടത്. ഈ പ്ലാന്റിൽ നിന്നാകും വീടുകളിലേക്ക് പ്രകൃതി വാതകം എത്തിക്കുക. ചവറയിൽ കെ.എം.എം.എല്ലിന്റെയും മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെയും ഭൂമി പ്ലാന്റിനായി പദ്ധതി നടപ്പാക്കുന്ന എ.ജി.പി പ്രൈവറ്റ് ലിമിറ്റഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം നഗരത്തിൽ പ്ലാന്റ് സ്ഥാപിക്കാനും ഒരു പൊതുമേഖലാ സ്ഥാപനത്തെ സമീപിച്ചിരിക്കുകയാണ്. ചാത്തന്നൂരിൽ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകാൻ ഏകദേശ ധാരണയായിട്ടുണ്ട്. ലഭിച്ചാൽ എട്ട് മാസത്തിനുള്ളിൽ പ്ലാന്റ് സജ്ജമാകും. ഇതിനൊപ്പം വീടുകളിലേക്കുള്ള പൈപ്പ് ലൈനും സ്ഥാപിച്ച് വിതരണവും ആരംഭിക്കും.

ഒരു വർഷത്തിനുള്ളിൽ ചവറയിലും കരുനാഗപ്പള്ളിയിലും പ്ലാന്റ് സജ്ജമാക്കാനാണ് ശ്രമം. എറണാകുളത്തെ ഗെയിൽ പ്ലാന്റിൽ നിന്നു ആലപ്പുഴ, കൊല്ലം വഴി പാറശാലയിലേക്ക് പ്രകൃതിവാതക പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ഈ പൈപ്പ് ലൈൻ വന്നാലും പ്ലാന്റുകൾ നിലനിൽക്കും. കെ.എം.എം.എൽ, ഐ.ആർ.ഇ എന്നീ സ്ഥാപനങ്ങൾക്ക് വൻതോതിൽ സി.എൻ.ജി ആവശ്യമായതിനാലാണ് ആദ്യ പ്ലാന്റ് ചവറയിൽ സ്ഥാപിക്കുന്നത്.

# കരുനാഗപ്പള്ളിയിൽ ജനുവരിയിൽ


ജില്ലയിൽ കരുനാഗപ്പള്ളി നഗരസഭയിലാണ് സിറ്റി ഗ്യാസിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ചവറയിലെ പ്ലാന്റിൽ നിന്നാകും ഇവിടേക്കുള്ള വിതരണം. പ്ലാന്റിന് സ്ഥലം ലഭിക്കാത്തതിനാൽ കരുനാഗപ്പള്ളിയിൽ താത്കാലിക പ്ലാന്റ് സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായി ആറ് സെന്റ് ഭൂമി കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. കരുനാഗപ്പള്ളയിൽ രണ്ടായിരം വീടുകൾക്കാകും ആദ്യഘട്ടത്തിൽ കണക്ഷൻ. കണക്ഷനൊപ്പം സ്ഥാപിക്കുന്ന മീറ്ററിലെ റീഡിംഗ് അനുസരിച്ച് മാസം തോറും പണമടയ്ക്കണം.

.....................

 കണക്ഷനായി വീടുകളിലെത്തി രജിസ്ട്രേഷൻ

 ആദ്യഘട്ട ചെലവ് 6500 രൂപ

 തുക ഘട്ടംഘട്ടമായി അടയ്ക്കാം

 ഒരു പ്രദേശത്തെ എല്ലാവർക്കും ഒരുമിച്ച് കണക്ഷൻ

 എൽ.പി.ജിയെക്കാൾ 25-30 % ശതമാനം വിലക്കുറവ്

 അപകടരഹിതം

 മുടങ്ങാതെ ഇന്ധന വിതരണം

Advertisement
Advertisement