പ്ളാസ്റ്റിക് നിരോധനം: ഇനി പിഴ

Monday 04 July 2022 12:30 AM IST

പത്തനംതിട്ട : പ്ളാസ്റ്റിക് മലിനീകരണം കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാരിബാഗ് അടക്കമുള്ള പ്ളാസ്റ്റിക്കുകൾ നിരോധിച്ച ശേഷമുള്ള ബോധവൽക്കരണ പരിപാടികൾ അവസാനിച്ചു. കടകളിൽ പരിശോധന നടത്തുകയും പിഴ ഇൗടാക്കുകയും ചെയ്യുന്ന നടപടികൾ ജില്ലയിൽ ഇന്നും നാളെയുമായി ആരംഭിക്കും. പ്ളാസ്റ്റിക് നിരോധനം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലയിലെ വ്യാപാരികളുമായി ചർച്ച നടത്തി. പ്ളാസ്റ്റിക് ബാഗുകൾക്ക് പകരം സംവിധാനം വരുന്നതുവരെ സമയം നീട്ടി നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഉത്തരവ് നടപ്പാക്കുക മാത്രമാണ് തങ്ങൾക്കു ചെയ്യാനുള്ളതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്ളാസ്റ്റിക് ബാഗുകൾ നിരോധിക്കേണ്ടതിന്റെ ആവശ്യകതയും നിയമംലംഘിക്കുന്നവർക്കുളള പിഴയും യോഗത്തിൽ വിശദീകരിച്ചു. നേരത്തെയും പ്ളാസ്റ്റിക് ബാഗുകളുടെ നിരോധനം നിലവിൽ വന്നെങ്കിലും കൊവിഡിനെ തുടർന്ന് നടപടികളിൽ അയവ് വന്നിരുന്നു. ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ പ്ളാസ്റ്റിക്കിന്റെ ഉപയോഗം കൂടുകയും ചെയ്തു.

പ്ളാസ്റ്റിക് നിരോധനം കർശനമായി ന‌ടപ്പാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോസ്ഥർക്കു പുറമേ പഞ്ചായത്ത്, റവന്യു വിഭാഗം ജീവനക്കാർക്കും നഗരസഭാ സെക്രട്ടറിമാർക്കും അധികാരം നൽകിയിട്ടുണ്ട്.

പുതിയ ഉത്തരവ് പ്ളാസ്റ്റിക് പാക്കറ്റുകൾക്കും ബാധകമാണ്. ഉപ്പേരി, മിക്സചർ തുട‌ങ്ങിയവ പ്ളാസ്റ്റിക് കവറുകളിൽ വിൽക്കരുതെന്ന് വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നഗരങ്ങളിലെ കടകളിലും വഴിയോര കച്ചവടകേന്ദ്രങ്ങളിലും ഉപ്പേരി അടക്കമുള്ള പലഹാരങ്ങൾ ഉണ്ടാക്കി പ്ളാസ്റ്റിക് പാക്കറ്റുകളിൽ വിൽക്കുന്നുണ്ട്. കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾ വഴിയും വിൽക്കുന്ന പ്ളാസ്റ്റിക് പാക്കറ്റുകൾക്കും നിരോധനം ബാധകമായിരിക്കും.

പിഴ : ആദ്യം 10,000രൂപ, രണ്ടാം തവണ 25000, മൂന്നാം തവണ 50000രൂപയും ലൈസൻസ് റദ്ദാക്കലും.

'' ചെറുകിട കച്ചവടക്കർ ഉൾപ്പെടെയുള്ള വ്യാപാരികളുമായി പ്ളാസ്റ്റിക് ബാഗ് നിരോധനം ചർച്ച ചെയ്തിട്ടുണ്ട്. ആവശ്യമായ ബോധവൽക്കരണവും നടത്തി. അടുത്തഘട്ടം പരിശോധനയും നടപടിയുമാണ്.

മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ.

'' കൊവിഡിനെ തുടർന്ന് വ്യാപാരികൾ കരകയറിയിട്ടില്ല. പ്ളാസ്റ്റിക് ബാഗിന്റെ പേരിൽ ദ്രോഹിക്കരുത്. അതിന്റെ നിർമ്മാണം തടയുകയും ബദൽ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണം. ആറ് മാസം കൂടി സമയം നൽകണം

എ.ജെ ഷാജഹാൻ, വ്യാപാരി വ്യവസായി സമിതി

ഏകോപന സമിതി ജില്ലാ പ്രസിഡന്റ്.

'' വ്യാപാരികളുടെ മേൽ പിഴ ചുമത്തി വരുമാനം ഉണ്ടാക്കാനാണ് സർക്കാർ ശ്രമം. പ്ളാസ്റ്റിക് ബാഗ് നിർമ്മാതാക്കൾക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. പകരം സംവിധാനം വരുന്നതുവരെ പരിശോധന നടത്തരുത്.

പ്രസാദ് ജോൺ മാമ്പ്ര,

വ്യാപാര വ്യവസായ ഏകോപന സമിതി പത്തനംതിട്ട.

നിരോധനം ബാധകം: പ്ളാസ്റ്റിക് ബാഗുകൾ, കൊടി, പ്ളാസ്റ്റിക് പാക്കറ്റുകൾ, ഒറ്റത്തവണ ഉപയോഗമുള്ള പ്ളാസ്റ്റിക് കപ്പുകൾ, പ്ളേറ്റുകൾ പിടികൾ, സ്പൂണുകൾ തുടങ്ങി ഇരുപതോളം ഇനങ്ങൾ.

Advertisement
Advertisement