4000 പശുക്കൾ, 500 ആടുകൾ... ചികിത്സയ്ക്ക് ഒരു ഡോക്ടറും

Monday 04 July 2022 12:34 AM IST

പള്ളിക്കൽ : ഡോക്ടറുടെ സേവനം ആവശ്യസമയത്ത് ലഭ്യമാകാത്തത് പള്ളിക്കലിൽ ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കുന്നു. 4000 പശുക്കൾ, 200ൽ അധികം പോത്തും എരുമയും 1500ൽ അധികം ആടുകൾ എന്നിവ കണക്കു പ്രകാരം ഇവിടെയുണ്ട്. പാലുത്പാദനത്തിൽ ജില്ലയിൽ രണ്ടാംസ്ഥാനവും പള്ളിക്കലിനാണ്. പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് ആലപ്പുഴ - കൊല്ലം ജില്ലാ അതിർത്തിയിലിലാണ് മൃഗാശുപത്രി പ്രവർത്തിക്കുന്നത്. പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയിൽ നിന്ന് മൃഗാശുപത്രിയിലെത്തുവാൻ 16 കിലോമീറ്റർ സഞ്ചരിക്കണം. 23 വാർഡുകളുള്ള പഞ്ചായത്തിൽ ആകെയുള്ളത് ഒരു ഡോക്ടറാണ്. വാഹനസൗകര്യമില്ല. 2200 ൽ അധികം ക്ഷീരകർഷകരുണ്ട്. പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ എല്ലായിടത്തും ഡോക്ടർക്ക് ഓടിയെത്താൽ കഴിയാത്തത് വലിയ പ്രതിസന്ധിയാണ്. ഡോക്ടർ എത്തണമെങ്കിൽ വാഹനക്കൂലി കർഷകൻ നൽകണം. ഓട്ടോറിക്ഷച്ചാർജ് കൂടി വർദ്ധിച്ച സാഹചര്യത്തിൽ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുള്ളവർ 700 രൂപയെങ്കിലും വാഹനക്കൂലി കരുതണം. ക്ഷീര കർഷകർ കൂടുതൽ ഉള്ളതിനാൽ സംസ്ഥാന സർക്കാർ ക്ഷീരഗ്രാമമായി പ്രഖ്യാപിച്ച പ്രദേശമാണിത്. കൂടാതെ ആട് ഗ്രാമവുമാണ്.

മൃഗാശുപത്രിയിൽ പരിമിതിയേറെ

ദിവസേന 150ൽ അധികം ക്ഷീരകർഷകർ ഒ.പി.യിലെത്തുന്നു. പോളിക്ലിനിക്കായി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപ്പോൾ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭിക്കും. മറ്റു സ്റ്റാഫുകളുടെ എണ്ണവും കൂടും. ഹോസ്പിറ്റലിന് സ്വന്തമായി വാഹന സൗകര്യവും ലഭിക്കും. നേരത്തെ മിൽമയുടെ ഒരു ഡോക്ടറുടെ സേവനം ലഭ്യമായിരുന്നെങ്കിലും ഇപ്പോൾ അതുമില്ല. കാലിതീറ്റയുടെയും കച്ചിയുടെയും വിലവർദ്ധനവ് മൂലം വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് ആവശ്യത്തിന് ഡോക്ടറുടെ സേവനം കൂടി ലഭിക്കാതെ കർഷകർ വലയുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് പള്ളിക്കൽ പാലുദ്പാദനത്തിൽ സ്വയംപര്യാപ്തത നേടി കഴിഞ്ഞു.

ക്ഷീരഗ്രാമവും ആട് ഗ്രാമവും ആണെങ്കിലും ചികിത്സാരംഗത്ത് പിന്നിലാണ്. കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം.

ക്ഷീര കർഷകർ

Advertisement
Advertisement