നക്കാപ്പിച്ച വേതനവുമായി ബെവ്കോ സ്വീപ്പർമാർ

Monday 04 July 2022 3:44 AM IST

തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടായി താത്കാലിക ജോലി, സ്ഥിരം നിയമനമെന്നത് സ്വപ്നം. ഒരു ദിവസം ജോലി ചെയ്താൽ കിട്ടുന്ന വേതനം നാമമാത്രം. സർക്കാരിന് കോടികൾ വരുമാനം നൽകുന്ന സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ചില്ലറ വില്പനശാലകളിലെ താത്കാലിക സ്വീപ്പർമാരുടെ സ്ഥിതിയാണിത്.

ഒരു ദിവസം മൂന്ന് മണിക്കൂറാണ് ജോലി . രാവിലെ 10 മുതൽ രാത്രി വില്പന ശാല പൂട്ടും വരെ 11 മണിക്കൂറിനുള്ളിൽ മൂന്ന് ഘട്ടങ്ങളിലായാണ് ഡ്യൂട്ടി . അതിനാൽ മറ്റെന്തെങ്കിലും ചെറുജോലികൾക്കും പോകാനാവില്ല. 270 പേരാണ് താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്.

പഞ്ചായത്ത് പരിധിയിൽ ദിവസം 185 രൂപയും നഗരസഭ പരിധിയിൽ 215 രൂപയുമാണ് വേതനം. പഞ്ചായത്ത് പരിധിയിൽ ആദ്യ ഒരു മണിക്കൂറിന് 75 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 55 രൂപവീതവും .നഗരസഭ പരിധിയിൽ ഇത് 85 ഉം പിന്നിട് 65 വീതവും. ഹൈക്കോടതിയിൽ സങ്കടഹർജി നൽകിയാണ് വേതനം ഇത്രയെങ്കിലുമായത്..

ഷോപ്പുകൾ വൃത്തിയാക്കുക, മദ്യം കൊണ്ടുവരുന്ന കവറുകൾ കെട്ടുകളാക്കി മാലിന്യം തരംതിരിക്കുക തുടങ്ങി വിശ്രമമില്ലാത്ത ജോലിയാണ് . രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന ഷോപ്പുകളിൽ മദ്യകെയ്സുകൾ എത്തിക്കണം. ഇതേ തസ്തികയിൽ വെയർഹൗസുകളിൽ ജോലി ചെയ്തിരുന്ന സ്വീപ്പർമാരെ നേരത്തെ കോർപ്പറേഷൻ സ്ഥിരിപ്പെടുത്തിയിരുന്നു. ഷോപ്പുകളിലെ സ്വീപ്പർമാരെ സ്ഥിരപ്പെടുത്താനാവില്ലെന്നാണ് നിലപാട്. സ്ഥിരപ്പെടുത്തിയില്ലെങ്കിലും തങ്ങൾക്ക് ജീവിക്കാനുള്ള വേതനമെങ്കിലും ലഭ്യമാക്കണമെന്നതാണ് ഇവരുടെ ആവശ്യം.

നിലവിലെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ബിവറേജസ് കോർപ്പറേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ സംഘടനകളുടെ യോഗം ജൂലായ് എട്ടിന് എം.ഡി വിളിച്ചിട്ടുണ്ട്. ഇവിടെയും സ്വീപ്പർമാർ പുറത്ത്.