രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം; ഗാന്ധിജിയുടെ ചിത്രം തകർത്തത് എസ്‌എഫ്‌ഐയല്ലെന്ന് പൊലീസ് റിപ്പോർട്ട്

Monday 04 July 2022 8:50 AM IST

വയനാട്: കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് തകർത്ത സംഭവത്തിൽ ഓഫീസിലുണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം തകർത്തത് എസ്‌എഫ്‌ഐയല്ലെന്ന് റിപ്പോർട്ട് നൽകി പൊലീസ്. ‌ഡിജിപിയ്‌ക്ക് വയനാട് ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ പൊലീസ് ഫോട്ടോഗ്രാഫറെടുത്ത ചിത്രങ്ങൾ തെളിവാക്കിയാണ് പൊലീസ് ഇങ്ങനെ നിഗമനത്തിലെത്തിയത്. ക്രൈം ബ്രാഞ്ച് എസ്.പി ക്രൈംബ്രാഞ്ച് മേധാവിക്കും ഇത് സംബന്ധിച്ച റിപ്പോ‌ർട്ട് സമ‌ർപ്പിച്ചിട്ടുണ്ട്.

പൊലീസ് റിപ്പോ‌ർട്ടുകളിൽ പറയുന്നതനുസരിച്ച് പൊലീസ് ഫോട്ടോഗ്രാഫർ എസ്‌എഫ്‌ഐ പ്രവർത്തകർ അക്രമം നടത്തി പുറത്തുപോയയുടൻ നാല് മണിയ്‌ക്ക് എടുത്ത ചിത്രത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രം ചുമരിലാണ്. എന്നാൽ ഇതിന്‌ശേഷം യുഡിഎഫ് പ്രവർത്തകർ ഓഫീസിലെത്തി. ശേഷം പൊലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രത്തിൽ ഗാന്ധിജിയുടെ ഫോട്ടോ നിലത്ത് തകർന്ന നിലയിലും ഫയലുകൾ വലിച്ചുവാരിയിട്ട തരത്തിലുമാണ് കണ്ടത്.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എസ്‌എഫ്‌ഐ നടപടിയെടുത്തിരുന്നു. വയനാട് ജില്ലാ കമ്മറ്റി പിരിച്ചുവിട്ട് പകരം അഡ്‌ഹോക്ക് കമ്മറ്റി നിലവിൽ വന്നു.