എ കെ ജി സെന്റർ ആക്രമണം നിയമസഭയിൽ; ഇന്ന് ഒരു മണിക്ക് സഭ നിർത്തിവച്ച് ചർച്ച ചെയ്യും

Monday 04 July 2022 10:50 AM IST

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാൻ ഒരുങ്ങി സർക്കാർ. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയാണ് ചർച്ച. ഇരു പക്ഷത്തു നിന്നും മുൻകൂട്ടി നിശ്ചയിച്ച അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. സംഭവം നടന്ന് നാലു ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാത്തത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയേക്കും. ഈ സഭാകാലയളവിൽ ഇത് രണ്ടാം തവണയാണ് സർക്കാർ സഭ നിർത്തിവച്ച് അടിയന്തര പ്രമേയ ചർച്ചയ്ക്ക് തയാറാകുന്നത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ആരോപണം തെറ്റെങ്കിൽ മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടക്കേസ് കൊടുക്കുന്നില്ല എന്നാണ് കഴിഞ്ഞ തവണ പ്രതിപക്ഷം പ്രമേയ അവതരണത്തിനിടെ ചോദിച്ചത്. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ രഹസ്യമൊഴിയിലെ ഗുരുതര ആരോപണങ്ങൾ അട്ടിമറിക്കാൻ സർക്കാർ ശ്രമം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. വിജിലൻസ് ഡയറക്‌ടറെ ഉപയോഗിച്ച് സ്വപ്‌നയുടെ മൊഴി തിരുത്തി സ്വർണക്കടത്ത് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ഈ ആശങ്ക ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്ത് നിന്നും ഷാഫി പറമ്പിൽ എംഎൽഎ നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.

Advertisement
Advertisement