കേരള ഇന്റർനാഷണൽ ജുവലറി ഫെയറിന് സമാപനം

Tuesday 05 July 2022 3:42 AM IST

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നേതൃത്വത്തിൽ കഴിഞ്ഞ മൂന്നുദിവസമായി അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന കേരള ഇന്റർനാഷണൽ ജുവലറി ഫെയർ (കെ.ഐ.ജെ.എഫ്) സമാപിച്ചു.

ഫെയറിലെ സ്വർണാഭരണ പ്രദർശനത്തിൽ കേരളത്തിനകത്തും പുറത്തുംനിന്നുമായി 12,000ഓളം ജുവലറികൾ പങ്കെടുത്തു. ഓണവിപണിയും വിവാഹസീസണും മുന്നിൽക്കണ്ട് കേരളത്തിലെ ആയിരത്തിലേറെ വ്യാപാരികൾ മികച്ച ആഭരണശേഖരങ്ങൾ കെ.ഐ.ജെ.എഫിൽ നിന്ന് ഓർഡറും ചെയ്‌തിട്ടുണ്ട്. സമാപന സമ്മേളനം എ.കെ.ജി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.

സംസ്ഥാന ട്രഷററും കെ.ഐ.ജെ.എഫ് കൺവീനറുമായ അഡ്വ.എസ്.അബ്ദുൽനാസർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ നായിക്ക്, യുണൈറ്റഡ് എക്‌സിബിഷൻ ഡയറക്‌ടർമാരായ വി.കെ.മനോജ്, സത്യസായ്, മോഹൻദാസ് എന്നിവർ സംസാരിച്ചു. എക്‌സിബിറ്റർമാർ, സ്പോൺസർമാർ, ജീവനക്കാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അടുത്ത ജുവലറി ഷോ 2023 ജൂലായ് 8 മുതൽ 10വരെ നടക്കും.