ബസിൽ പൂത്തിരി കത്തിച്ച സംഭവം: രണ്ട് ബസുകൾ കസ്‌റ്റഡിയിൽ

Tuesday 05 July 2022 12:46 AM IST

ആലപ്പുഴ: കൊല്ലത്ത് കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്ര പുറപ്പെടും മുമ്പ് ടൂറിസ്റ്റ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച് അപകടകരമായ സാഹചര്യമൊരുക്കിയ സംഭവത്തിൽ ഉൾപ്പെട്ട രണ്ട് ബസുകളും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥ‌ർ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥികൾ വിനോദയാത്ര കഴിഞ്ഞ മടങ്ങിവരവെ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകൾ ആലപ്പുഴ ആർ.ടി.ഒ സജിപ്രസാദിന്റെ മേൽനോട്ടത്തിൽ എം.വി.ഐമാരായ ജിൻസൺ സേവ്യർ, ബിനീഷ്,ശരത് സേനൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. അമ്പലപ്പുഴയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ചുവിട്ടെങ്കിലും പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കുട്ടികളെ കോളേജിൽ ഇറക്കാൻ ഡ്രൈവർമാരെ അനുവദിച്ചു. തുടർന്ന് ബസുകൾ കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന് കൈമാറി. കൊല്ലം പെരുമൺ എൻജിനിയറിംഗ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളുടെ വിനോദയാത്ര പുറപ്പെടുംമുമ്പാണ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്. തീ ബസിലേക്ക് പടർന്നെങ്കിലും ഉടൻ അണച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ട്രാൻസ്പോർ‌ട്ട് കമ്മിഷണറുടെ നിർ‌ദ്ദേശപ്രകാരം സംസ്ഥാനമെമ്പാടും ഈ രണ്ട് വാഹനങ്ങൾക്ക് വേണ്ടി പരിശോധന ശക്തമാക്കിയിരുന്നു. മോട്ടോർ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങൾ കണ്ടെത്തിയതിനാൽ ഇരുവാഹനങ്ങൾക്കുമായി 36,000 രൂപ പിഴ ചുമത്തി. പൂത്തിരി കത്തിച്ചതിന് കൊല്ലം പൊലീസാണ് കേസെടുക്കുക.

Advertisement
Advertisement