എ.കെ.ജി സെന്റർ ആക്രമണം; അവിടെ ബോംബേറ് ! സഭയിൽ വാക്കേറ്

Monday 04 July 2022 11:54 PM IST

സി.പി.എമ്മിന്റെ ആസൂത്രണം: വി.ഡി.സതീശൻ

■ അക്രമിയെ ആരൊളിപ്പിച്ചാലും പിടിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: എ.കെ.ജി സെന്ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞ് ദിവസം അഞ്ചു കഴിഞ്ഞിട്ടും പ്രതിയുടെ തുമ്പുപൊലും കിട്ടാതെ പൊലീസ് ഉത്തരംമുട്ടി നിൽക്കെ,​ ആക്രമണം ആസൂത്രണം ചെയ്തത് സി.പി.എമ്മാണെന്ന് ഒളിയമ്പെയ്‌ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൃത്യമായ ഗൂഢാലോചനയാണ് ആക്രമണത്തിനു പിന്നിലെന്നും ആരൊക്കെ ഒളിപ്പിച്ചാലും അക്രമിയെ പിടികൂടുമെന്ന് മുഖ്യമന്ത്രിയുടെ തിരിച്ചടി.

പി.സി.വിഷ്ണുനാഥ് ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ ചർച്ചയിലായിരുന്നു പരസ്പരം പഴിചാരിയുള്ള വാക്കേറ്. എ.കെ.ജി സെന്റർ സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിൽ ദുരൂഹമായ മെല്ലെപ്പോക്കാണ് പൊലീസിനെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. മതിലിന് താഴെ കരിയിലയും കടലാസും പോലും കത്താത്ത,​ മൂന്നു കല്ലുകളെ മാത്രം ലക്ഷ്യംവച്ചുള്ള നാനോ ഭീകരാക്രമണമാണ് നടന്നതെന്നും പരിഹസിച്ചു.

ഒന്നേമുക്കാൽ മണിക്കൂർ നീണ്ട ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി നൽകിയതോടെ പ്രമേയം സഭ തള്ളിയെങ്കിലും, തങ്ങളുടെ ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി വ്യക്തമായി മറുപടി നൽകിയില്ലെന്നു പറഞ്ഞ് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

അടിയന്തര പ്രമേയത്തിലൂടെ നാലാം ദിവസവും സഭയെ പ്രക്ഷുബ്ധമാക്കുകയായിരുന്നു പ്രതിപക്ഷ ലക്ഷ്യം. സാധാരണയിൽ നിന്ന് വ്യത്യസ്തമായി പ്രമേയത്തിന് അനുമതി നൽകുക വഴി ഭരണപക്ഷം ആ തന്ത്രത്തിന്റെ മുനയൊടിച്ചു. അതോടെ, പറയാനുള്ളതെല്ലാം പറയാൻ പ്രതിപക്ഷത്തിന് അവസരം കിട്ടി.

അദൃശ്യയായ പറക്കും സ്ത്രീ...

അനാവശ്യ വിവാദങ്ങളല്ല, രാഷ്ട്രീയ പാർട്ടി ഓഫീസുകൾ ആക്രമിക്കപ്പെടുന്നത് അവസാനിപ്പിക്കുകയെന്നതാണ് തങ്ങളുദ്ദേശിക്കുന്നതെന്ന് സതീശൻ. സ്വന്തം പാർട്ടിയുടെ സംസ്ഥാന ഓഫീസ് ആക്രമിക്കപ്പെട്ടത് ആഘോഷമാക്കി മാറ്റുകയാണ് സി.പി.എം. കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി ആക്രമിച്ച് കലാപത്തിനാണ് ശ്രമിക്കുന്നത്. എ.കെ.ജി സെന്ററിന്റെ ഗേറ്റിൽ തലേദിവസം വരെയുണ്ടായിരുന്ന പൊലീസ് പട്രോളിംഗിനെ ആക്രമണസമയം പിൻവലിച്ചതെന്തിന്? സ്‌ട്രൈക്കേഴ്സ് കാവൽ നിൽക്കുന്ന ഓഫീസിനു നേരെ ആക്രമണം നടത്തിയശേഷം പ്രതിക്ക് എങ്ങനെ രക്ഷപ്പെടാനായി? ദിവസങ്ങൾ കഴിഞ്ഞിട്ടും അക്രമിയെ കണ്ടെത്താൻ കഴിയുന്നില്ല. സക്കറിയയുടെ കഥയിൽ പറയുമ്പോലെ അദൃശ്യയായ പറക്കും സ്ത്രീ വന്നാണോ ആക്രമണം നടത്തിയത്.

വലിയ ബോംബ്

കണ്ടുപിടിച്ചതാര്?​

കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ഓഫീസിലെ ആക്രമണത്തെ അപലിപക്കാൻ പോലും കോൺഗ്രസ് തയാറാകാത്തത് ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് അടുത്ത ദിവസം പ്രതികരിച്ചതാകട്ടെ, ആക്രമണം ആസൂത്രണം ചെയ്തത് ജയരാജനായിരിക്കുമെന്നാണ്. വർഷങ്ങൾക്ക് മുമ്പ്, വലിയ ശബ്ദത്തോടെ പൊട്ടാൻ കഴിയുന്ന ബോംബ് കണ്ടുപിടിച്ചവരാരാണെന്ന് ഞാൻ പറയേണ്ടതില്ല. കണ്ണൂർ ഡി.സി.സി ഓഫീസിലെ മൂന്നുതരം ബോംബുകളെക്കുറിച്ച് അന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. അപ്പോൾ ആരായിരുന്നു ഡി.സി.സി പ്രസിഡന്റെന്ന് ഓർത്താൽ മതി. ഒരു ഓഫീസും ആക്രമിക്കുകയെന്നത് നയമല്ല. അതുകൊണ്ടാണ് അത്തരം സംഭവങ്ങളിൽ സർക്കാർ കർക്കശമായ നടപടികൾ സ്വീകരിക്കുന്നത്.

​മു​ഖ്യ​മ​ന്ത്രി​യു​ടെ ക​സേ​ര​യി​ൽ​ ​ വാ​ഴ​ വ​യ്ക്ക​ണം​:​രമ എ​സ്.​എ​ഫ്.​ഐ​ക്കാ​ർ​ ​വാ​ഴ​ ​വ​യ്ക്കേ​ണ്ട​ത് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​ക​സേ​ര​യി​ലാ​ണെ​ന്ന് ​കെ.​കെ.​ര​മ​ ​തു​റ​ന്ന​ടി​ച്ചു.എ.​കെ.​ജി​ ​സെ​ന്റ​ർ​ ​ആ​ക്ര​മ​ണ​ത്തി​ലെ​ ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​ല്ല.​കാ​ര​ണം​ ​ക​ള്ള​ൻ​ ​ക​പ്പ​ലി​ൽ​ ​ത​ന്നെ​യു​ണ്ട്.​ ​ക​പ്പി​ത്താ​ൻ​ ​ആ​രെ​ന്ന​താ​ണ് ​ഇ​നി​ ​അ​റി​യേ​ണ്ട​ത്.