ചട്ടമ്പിസ്വാമിയും മന്നവും സമുദായത്തിന് ലഭിച്ച വരദാനം : ജി.സുകുമാരൻ നായർ
തിരുവനന്തപുരം: ദൈവം സമുദായത്തിന് കനിഞ്ഞ് നൽകിയ വരദാനമാണ് ചട്ടമ്പി സ്വാമിയും മന്നത്ത് പത്മനാഭനുമെന്നും, ഇരുവരുടെയും വഴികൾ വ്യത്യസ്തമായിരുന്നെങ്കിലും ലക്ഷ്യം ഒന്നായിരുന്നുവെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. തിരുവനന്തപുരം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കണ്ണമ്മൂലയിൽ പണി കഴിപ്പിച്ച ചട്ടമ്പിസ്വാമി ജന്മസ്ഥാന മണ്ഡപത്തിന്റെയും പഠനഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
മന്നത്ത് പത്മനാഭൻ സമുദായാചാര്യനും ,ചട്ടമ്പിസ്വാമി ആത്മീയാചാര്യനുമാണ്. ചട്ടമ്പിസ്വാമിയുടെ പേരിൽ ഇതുപോലൊരു മണ്ഡപവും പഠനകേന്ദ്രവും മറ്റൊരിടത്തുമില്ല. ചട്ടമ്പിസ്വാമിയുടെടെ ജീവിത കഥകൾ പഠിക്കുകയും സന്ദേശങ്ങൾ ഉൾകൊള്ളുകയും വേണം.മുൻപൊരു സാഹചര്യത്തിൽ ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥാന മണ്ഡപത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ ഇവിടെ കലാപങ്ങൾ പൊട്ടിപുറപ്പെട്ടിരുന്നു. നായർ സർവ്വീസ് സൊസൈറ്റിയുടെ കൂടി ഇടപെടലിന്റെ ഭാഗമായി വഞ്ചിയൂർ വില്ലേജിൽ തന്നെ മണ്ഡപവും പഠനകേന്ദ്രം നിർമ്മിക്കാൻ അന്നത്തെ യു.ഡി.എഫ് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട്‍ വന്ന സർക്കാരുകൾ ഇക്കാര്യത്തിൽ ചെറുവിരൽ പോലും അനക്കിയില്ല. ആചാര്യന് മണ്ഡപം സ്ഥാപിക്കണമെന്ന എൻ.എസ്.എസിന്റെയും, അംഗങ്ങളുടേയും ദൃഡനിശ്ചയത്തോടെയുള്ള പ്രവർത്തനം കൊണ്ടാണ് ഈ മണ്ണിൽ തന്നെ വസ്തു വാങ്ങി മണ്ഡപവും പഠനകേന്ദ്രവും സ്ഥാപിക്കാൻ സാധിച്ചതെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.
കേരളത്തിലെ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ നായർ സർവ്വീസ് സൊസൈറ്റി നിർണ്ണായക പങ്കു വഹിച്ച സംഘടനയാണെന്ന് ആശംസാ പ്രസംഗത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ശബരിമലയിൽ ആചാരലംഘനത്തിലേയ്ക്ക് നയിക്കുന്ന തീരുമാനങ്ങളുണ്ടായപ്പോൾ തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ് ആദ്യമായി പ്രതിഷേധമുണ്ടായത്. നായർ സർവ്വീസ് സൊസൈറ്റിയ്ക്ക് എന്ത് സാധിക്കുമെന്നതിന്റെ വിളംബരമായിരുന്നു അതെന്നും വി.മുരളീധരൻ പറഞ്ഞു.
എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് എം. സംഗീത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ജി. മധുസൂദനൻ പിള്ള, നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. വി.എ ബാബുരാജ്, കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ, നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എസ്.നാരായണൻ നായർ,തിരുവനന്തപുരം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.വിനോദ് കുമാർ, സെക്രട്ടറി വിജു വി.നായർ ,താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് എം.ഈശ്വരിഅമ്മ എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാക്കളായ കെ.മുരളിധരൻ എം.പി, എം.വിൻസന്റ് എം.എൽ.എ, വി.എസ് .ശിവകുമാർ, എം.എം.ഹസൻ, ബി.ജെ.പി നേതാക്കളായ കരമന ജയൻ,എസ് .സുരേഷ് ,എം.എസ്.കുമാർ തുടങ്ങിയവർ പങ്കെടുത്തു.