ഒരാളെ നൽകിയാൽ അറബികൾ രണ്ടുലക്ഷം തരും, കുവൈത്തിലേക്ക് മലയാളി യുവതികളെ ചതിച്ചെത്തിച്ച കേസിലെ  ഒന്നാം പ്രതി മജീദിന്റെ വീഡിയോ  പുറത്ത് 

Tuesday 05 July 2022 10:16 AM IST

കൊച്ചി: കുവൈത്തിലേക്ക് യുവതികളെ എത്തിക്കുന്നതിന്റെ ആസൂത്രകൻ കേസിലെ രണ്ടാംപ്രതിയും പത്തനംതിട്ട സ്വദേശിയുമായ അജുമോനാണെന്ന് തുറന്നുപറഞ്ഞ് കുവൈത്തിൽ ഒളിവിൽ കഴിയുന്ന ഒന്നാംപ്രതി മജീദ്. താൻ കുവൈറ്റ് റിക്രൂട്ടിംഗ് കമ്പനിയിലെ വെറുമൊരു ഡ്രൈവർ മാത്രമാണ്. അറബി പറയുന്നതിന് അനുസരിച്ച് പണം അയച്ചുകൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഒന്നരലക്ഷമാണ് അജുവിന്റെ കമ്മിഷനെന്നും പുറത്തുവിട്ട വീഡിയോയിൽ മജീദ് പറയുന്നു. മജീദിന്റെ വിശദീകരണം പൊലീസ് പാടേ തള്ളുകയാണ്. യുവതികളെ
കുവൈത്തിലെത്തിക്കുന്നതിന് പിന്നിൽ മജീദാണെന്നാണ് അജുമോന്റെ മൊഴി.

ഇന്നലെ രാവിലെയാണ് മജീദ് വീഡിയോ മാദ്ധ്യമങ്ങൾക്ക് നൽകിയത്. കുവൈത്തിലെ ഒളിസങ്കേതത്തിൽനിന്ന് പകർത്തിയ വീഡിയോയാണിതെന്നാണ് കുരുതുന്നത്. ജോലിക്കായി ഒരാളെ നൽകിയാൽ അറബികൾ രണ്ടുലക്ഷംരൂപ താൻ ജോലിചെയ്യുന്ന കമ്പനിക്ക് നൽകും. ഒന്നരലക്ഷംരൂപ അജുവിന് കമ്മീഷൻ നൽകും. ഇതുവരെ 30പേർ അജുവഴി കുവൈത്തിൽ എത്തിയിട്ടുണ്ടെന്ന് മജീദ് പറഞ്ഞു. മജീദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മജീദ് തന്നെയാണ് മനുഷ്യക്കടത്തിന്റെ ആസൂത്രകനെന്നാണ് പൊലീസ് പറയുന്നത്.

മജീദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് കേരള പൊലീസ്. ഇയാളുടെ സഹായിയായ കോഴിക്കോട് സ്വദേശിയെ ഉടൻ കസ്റ്റഡിയിലെടുക്കും. അറസ്റ്റിലായ ഒന്നാംപ്രതി അജുമോൻ നടത്തിയിരുന്ന രവിപുരത്തെ 'ഗോൾഡൻ വിയ' എന്ന സ്ഥാപനത്തിന്റെ മാനേജരായി പ്രവർത്തിച്ച കൊല്ലം സ്വദേശി ആനന്ദിനെതിരെയും സൗത്ത് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. മനുഷ്യക്കടത്ത് കേസിൽപ്പെട്ട് മടങ്ങിയെത്തിയ തൃക്കാക്കര സ്വദേശിനി നൽകിയ പരാതിയിലാണ് ഇയാളുടെ പേരുള്ളത്. കുവൈത്തിൽ ജോലിചെയ്യുന്ന മലയാളി സ്ത്രീക്കുനേരെ മജീദ് വധഭീഷണി മുഴക്കിയതായി തൃക്കാക്കര സ്വദേശിനിയുടെ മൊഴിയും വിശദമായി പരിശോധിച്ച് വരികയാണ്.