ഇത്തരം സ്ഥലത്താണോ പ്ളാന്റ് സ്ഥാപിക്കേണ്ടത്? ആവിക്കൽ പദ്ധതിയിൽ സർക്കാരിനെ വിമർശിച്ച് വി ഡി സതീശൻ

Tuesday 05 July 2022 11:40 AM IST

കോഴിക്കോട്: വെള്ളയിൽ ആവിക്കൽ തോടിന് സമീപം മാലിന്യ സംസ്‌കരണ പ്ളാന്റ് സ്ഥാപിക്കുന്നതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആവിക്കൽ കൗൺസിലറെ പോലും അറിയിക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പ്ളാന്റ് സ്ഥാപിക്കാൻ പദ്ധതിയിടുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു.

'പദ്ധതി നടപ്പിലാക്കാൻ പറ്റിയ മറ്റ് ധാരാളം സ്ഥലങ്ങൾ കോഴിക്കോടുണ്ട്. അത്തരം സ്ഥലങ്ങൾ ഒഴിവാക്കി ജനസാന്ദ്രത കൂടിയ, ഏറ്റവും സാധാരണക്കാർ താമസിക്കുന്ന സ്ഥലമാണ് സർക്കാ‌ർ തിരഞ്ഞെടുത്തത്. ഇങ്ങനെയുള്ള സ്ഥലത്താണോ മാലിന്യ പ്ളാന്റുകൾ സ്ഥാപിക്കേണ്ടത്?' വി ഡി സതീശൻ ചോദിച്ചു.

'സുതാര്യമായി നടപ്പാക്കേണ്ട പദ്ധതിയാണിത്. എന്നാലിത് ബലമായി ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുകയാണ്. വിചിത്രവാദങ്ങളാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. പദ്ധതി ഇത്തരത്തിലല്ല നടപ്പിലാക്കണ്ടത്. ജനങ്ങൾ വൈകാരികമായാണ് പ്രതിഷേധിച്ചത്. എന്നാൽ അവരെ ക്രൂരമായി മർദിക്കുകയാണ് പൊലീസ് ചെയ്തത്. ഒരു ദാക്ഷണ്യമില്ലാതെയാണ് പൊലീസ് ജനങ്ങളോട് പെരുമാറിയത്. ജനങ്ങളുടെ ആശങ്കകളാണ് പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ചത്'- വി ഡി സതീശൻ പറഞ്ഞു.