മൂന്ന് വയസും പതിനൊന്നുമാസവും മാത്രം, അമ്പരപ്പിച്ചത് ഏഴ് ഭാഷകളിലൂടെ; തൃശൂരിലെ കൊച്ചുമിടുക്കിയെക്കുറിച്ചറിഞ്ഞാൽ ആരുമൊന്ന് അഭിനന്ദിക്കും
Tuesday 05 July 2022 12:22 PM IST
ഇരിങ്ങാലക്കുട: കുറഞ്ഞ പ്രായത്തിൽ കൂടുതൽ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചതിന്റെ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ് കരസ്ഥമാക്കി മൂന്ന് വയസുകാരി എ ഭാവയാമി പ്രസാദ്. സംസ്‌കൃതം, ഹിന്ദി, ബംഗാളി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിവയുൾപ്പടെ ഏഴ് വ്യത്യസ്ത ഭാഷകളിലായി 31 ഗാനങ്ങളാണ് മൂന്ന് വയസും പതിനൊന്നുമാസവും പ്രായമുള്ള ഭാവയാമി ആലപിച്ചത്.
ഈ നേട്ടമാണ് ഇക്കഴിഞ്ഞ ജൂൺ ഒന്നിന് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ് അധികൃതർ അംഗീകരിച്ചത്. മലയാളം ടെലിവിഷൻ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ അതിഥിയായെത്തി പരിപാടി അവതരിപ്പിക്കാനും ഭാവയാമിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട കാഞ്ഞിരത്തോട് സ്വദേശികളായ ഗിരി പ്രസാദിന്റെയും ശ്വേത കിരണിന്റെയും മകളായ ഭാവയാമി ശാന്തിനികേതൻ പബ്ലിക് സ്‌കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ്. കുട്ടിയുടെ സഹോദരൻ ബാലാദിത്യയും ഗായകനാണ്.